Event More NewsFeature NewsNewsPoliticsPopular NewsRecent NewsSportsTravelTrending NewsUncategorized

ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശം എത്തിയത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിൽ, ബോംബ് സ്ക്വാഡ് പരിശോധന

തിരുവനന്തുപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് വീണ്ടും ബോംബ് ഭീഷണി സന്ദേശം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ മെയിലിലേക്കാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. പാളയം സ്പെൻസർ ജങ്ഷനിലുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയിലും ബോംബ് ഭീഷണി സന്ദേശം എത്തിയിട്ടുണ്ട്. സന്ദേശത്തെതുടർന്ന് പാളയത്തെ സൗത്ത് ഇന്ത്യൻ ബാങ്കിലും ക്ലിഫ് ഹൗസിലും പരിശോധന നടത്തുകയാണ് പൊലീസ്. ക്ലിഫ് ഹൗസിലേക്ക് രണ്ടാമത്തെ തവണയാണ് ബോംബ് ഭീഷണി സന്ദേശമെത്തുന്നത്. ബോംബ് സ്ക്വാഡ് അടക്കം ക്ലിഫ് ഹൗസിലെത്തി പരിശോധന നടത്തുന്നുണ്ട്. എൽടിടിഇയും കറാച്ചി ഐഎസ്ഐ സെല്ലും ചേർന്നുകൊണ്ട് ആർഡിഎക്സ് ഐഇഡി ബോംബുകൾ വെച്ചിട്ടുണ്ടെന്നാണ് സന്ദേശത്തിലുള്ളത്.

കഴിഞ്ഞ കുറെ നാളുകളായി പൊലീസിനെയും ബോംബ് സ്ക്വാഡിനെയും വട്ടം ചുറ്റിച്ചുകൊണ്ട് ബോംബ് ഭീഷണി മെയിലുകൾ വരുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലേക്കും ഇത്തരം സന്ദേശം എത്തുന്നുണ്ട്. ഡാർക്ക് വെബിൽ നിന്ന് ഇത്തരം സന്ദേശം അയക്കുന്നതിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സൗത്ത് ഇന്ത്യൻ ബാങ്കിലും ഇത് രണ്ടാം തവണയാണ് ഭീഷണി സന്ദേശമെത്തുന്നത്. നേരത്തെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ക്ലിഫ് ഹൗസിലേക്കുമടക്കം വ്യാജ ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു. കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കുമടക്കം നേരത്തെ വന്നിട്ടുള്ള ബോംബ് ഭീഷണി വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ ഇപ്പോൾ വന്ന സന്ദേശവും വ്യാജമായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *