സർക്കാർ ഡോക്‌ടർമാർ ഇന്ന് ഒപി ബഹിഷ്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.മെഡിക്കൽ കോളജുകളിലെ ഡോക്ടർമാർ ഇന്ന് ഒപി ഡ്യൂട്ടി ബഹിഷ്കരിക്കും. എംബിബിഎസ് ഉൾപ്പെടെയുള്ള കോഴ്സുകളുടെ തിയറി ക്ലാസുകളിലും പങ്കെടുക്കില്ല. 29നും ഒപി ബഹിഷ്കരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഒപികളിൽ പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും മാത്രമേ ഉണ്ടാകൂ. ലേബർ റൂം, ഐസിയു, അടിയന്തര ശസ്ത്രക്രിയകൾ എന്നിവയിൽ ഡോക്ടർമാർ ഹാജരാകും. ശമ്പളകുടിശിക വിതരണം ചെയ്യുക, പുതിയ തസ്തികകൾ സൃഷ്‌ടിക്കുക എന്നീ ആവശ്യങ്ങളുമായി കെജിഎംസിടിഎയുടെ ആഭിമുഖ്യത്തിലാണ് റിലേ സമരം നടക്കുന്നത്.
പ്രതിഷേധ ദിനങ്ങളിൽ അടിയന്തിര ചികിത്സ ഒഴികെയുള്ള ആവശ്യങ്ങൾക്ക് ആശുപത്രികളിൽ വരുന്നത് പൊതുജനങ്ങൾ ഒഴിവാക്കണമെന്നും സമരക്കാർ അഭ്യർത്ഥിച്ചു. ആവശ്യങ്ങൾ അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്കു ശേഷം സമരപരിപാടികൾ ശക്തമാക്കുവാൻ സംഘടന നിർബന്ധിതമാകുമെന്നും ഭാരവാഹികൾ.
