വേടന് കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം പട്ടികജാതിക്കാരന് മാത്രം, കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നത് വിഡ്ഢികള്‍: വേടന്
കേരളത്തില്‍ ജാതി നില്‍ക്കുന്നത് മൃദുവായിട്ടാണെന്നും അതിനാല്‍ കണ്ടുപിടിക്കുക എളുപ്പമല്ലെന്നും വേടന്. കേരളത്തില്‍ ജാതിയില്ല, വേടന് കാരണമാണ് ജാതി വരുന്നതെന്ന് പറയുന്നത് വിഡ്ഢികളാണെന്നും വേടന് പറയുന്നു. മനോരമ ഓണ്ലൈനിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വേടന്. ഒരു പട്ടികജാതിക്കാരന് പണമുണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവന് പട്ടികജാതിക്കാരനായി തുടരുമെന്നും വേടന് പറയുന്നു.
”കേരളത്തില്‍ ജാതി നിലനില്‍ക്കുന്നത് മൃദുവായിട്ടുള്ള രീതിയിലാണ്. അതിനെ കണ്ടുപിടിക്കല് എളുപ്പമല്ല. ഒരിക്കല്‍ കണ്ടുപിടിച്ചാല്‍ പിന്നെ അതിനെ കാണാതിരിക്കാന്‍ പറ്റില്ല. കേരളത്തില്‍ ജാതിയില്ല, വേടന് കാരണമാണ് കേരളത്തില്‍ ജാതി വരുന്നത് എന്ന് പറയുന്നത് വിഡ്ഢികളായിട്ടാണ് ഞാന്‍ കരുതുന്നത്. ഇന്ത്യയുടെ രൂഢമൂലമായിട്ടുള്ള രാഷ്ട്രീയം ജാതി തന്നെയാണ്” എന്നാണ് വേടന് പറയുന്നത്.
ഒരു പട്ടികജാതിക്കാരന് പൈസ ഉണ്ടാക്കിയാലും വിദ്യാഭ്യാസം നേടിയാലും അവസാനം അവന് ഒരു പട്ടികജാതിക്കാരന് മാത്രമാണ്. വേടന് കാറ് വാങ്ങിയാലും വീട് വച്ചാലും അവസാനം ഒരു പട്ടികജാതിക്കാരന് മാത്രമാണെന്നും വേടന് പറയുന്നു. അതെല്ലാം മാറമമെങ്കില് കൃത്യമായ വിദ്യാഭ്യാസം നല്‍കണമെന്നും വേടന് പറയുന്നു.
അതേസമയം ഇപ്പോഴത്തെ വിദ്യാഭ്യാസ സമ്പ്രദായം കൊണ്ട് അതിന് സാധിക്കില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പെട്ടെന്ന് മാറ്റം കൊണ്ടുവരാന്‍ കഴിയില്ല. നൂറ്റാണ്ടുകള്‍ എടുത്ത് തീര്‍ക്കാന്‍ പറ്റുന്ന കാര്യമാണെന്നും വേടന് ചൂണ്ടിക്കാണിക്കുന്നു, വേടന് ഒറ്റയ്ക്ക് പാട്ടുപാടിയത് കൊണ്ടോ ഒരു പത്ത് അംബേദ്കര്‍ വന്നത് കൊണ്ടോ തീരുന്ന ഒരു കാര്യമല്ല. ജാതി വളരെ ആഴത്തില്‍ ആളുകളുടെ ഉള്ളില്‍ കിടക്കുന്ന കാര്യമാണെന്നും വേടന് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
