ഡോ.ടി.ജി. ജേക്കബ്, കെ. ജയചന്ദ്രന്‍ അനുസ്മരണം കല്‍പ്പറ്റയില്‍ 22-
കൽപ്പറ്റ: മാധ്യമ പ്രവര്‍ത്തനത്തിലും സാമൂഹിക ജീവിതത്തിലും വ്യക്തിമുദ്ര പതിച്ച് കടന്നുപോയ ഡോ.ടി.ജി. ജേക്കബിനെയും കെ. ജയചന്ദ്രനെയും സുഹൃദ്‌സംഘം അനുസ്മരിക്കുന്നു. 22 – ന് ഉച്ചകഴിഞ്ഞ് മൂന്നിന് വയനാട് പ്രസ് ക്ലബ് ഹാളിലാണ് പരിപാടി. സാമൂഹിക, സാംസ്‌കാരി, മാധ്യമപ്രവര്‍ത്തന രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.മാസ്‌ലൈന്‍ എഡിറ്റര്‍ ആയിരുന്നു ഡോ. ടി.ജി. ജേക്കബ്. അടൂരാണ് ജന്‍മദേശം. ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമായിരുന്നു. ഇന്ത്യ ഡവലപ്‌മെന്റ് ആന്‍ഡ് ഡിപ്രൈവേഷന്‍, ലെഫ്റ്റ് ടു റൈറ്റ്, കോവളം വിനോദസഞ്ചാരകേന്ദ്രത്തിന്റെ വിലാപകാവ്യങ്ങള്‍ എന്നിവ ജേക്കബിന്റെ രചനകളാണ്. 2022 ഡിസംബറില്‍ നീലഗിരിയിലിയിലെ ഗൂഡല്ലൂരിലായിരുന്നു നിര്യാണം.ദീര്‍ഘകാലം മാതൃഭൂമി വയനാട് ലേഖകനായിരുന്നു കെ. ജയചന്ദ്രന്‍. പിന്നീട് കേരളത്തിന് അകത്തും പുറത്തും അറിയപ്പെടുന്ന ദൃശ്യമാധ്യമപ്രവര്‍ത്തകനായി. അച്ചടി മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ദേയമായ വാര്‍ത്തകളും ഫീച്ചറുകളും തയാറാക്കിയിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ജനതയുടെ ജീവിതദൈന്യം ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ ജയചന്ദ്രന് കഴിഞ്ഞു. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തുനിന്നായിരുന്നു അദ്ദേഹത്തിന്റെ ദൃശ്യമാധ്യമപ്രവര്‍ത്തനവും. ഏഷ്യാനേറ്റ് ന്യൂസ് കോഴിക്കോട് ബ്യൂറോ ചീഫായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കായണ്ണ സ്വദേശിയാണ് ജയചന്ദ്രന്‍. 1999 നവംബര്‍ 24നായിരുന്നു വിയോഗം.
