‘സെലിബ്രിറ്റികൾക്ക് പ്രത്യേക പരിഗണനയില്ല’: വി.എം വിനുവിന്റ ഹരജി തള്ളി ഹൈക്കോടതി; മത്സരിക്കാനാകില്ല; കോൺഗ്രസിന് വൻ തിരിച്ചടി
തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷൻ യുഡിഎഫ് മേയർ സ്ഥാനാർഥി വി.എം വിനുവിന് മത്സരിക്കാനാകില്ല. വോട്ട് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. രൂക്ഷവിമർശനമാണ് വിനുവിനെതിരെ ഹൈക്കോടതി ഉന്നയിച്ചത്. വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നെന്നും സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ലെന്നും കോടതി വ്യക്തമാക്കി.
സെലിബ്രിറ്റിയായയതുകൊണ്ട് മാത്രം അനുകൂല ഉത്തരവ് നൽകാനാവില്ലെന്ന് പറഞ്ഞ കോടതി സെലിബ്രിറ്റികൾക്കും സാധാരണ പൗരന്മാർക്കും ഒരേ നിയമമാണ് ബാധകമെന്നും പറഞ്ഞു. താങ്കൾ ഈ രാജ്യത്തെ പൗരനല്ലേയെന്നും കോടതി ചോദിച്ചു. വി.എം വിനു മാധ്യമങ്ങളിലൂടെ വിവരങ്ങൾ ഒന്നും അറിയാറില്ലേ? വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്താൻ സമയം ഉണ്ടായിരുന്നു. പത്രങ്ങളിൽ ഇതുസംബന്ധിച്ച വിവരങ്ങൾ ഉണ്ടായിരുന്നു. സെലിബ്രിറ്റികൾ പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. രാഷ്ട്രീയ വൈരം മൂല്യമാണ് പേര് വെട്ടിയത് എന്ന വാദത്തിൽ അത്ഭുതപ്പെടുന്നു. മറ്റുള്ളവരെ പഴിക്കേണ്ടതില്ലെന്നും സ്വയം പഴിക്കൂ എന്നും കോടതി വ്യക്തമാക്കി.
2020- 21 ലോക്സഭാ തെരഞ്ഞെടുപ്പിലെ പട്ടികയിൽ ഉണ്ടായിരുന്നെന്നും രാഷ്ട്രീയത്തിൽ സജീവമില്ലാത്തതിനാൽ വോട്ടർപട്ടിക പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ലെന്നുമായിരുന്നു വി.എം വിനുവിന്റെ വാദം. യുഡിഎഫ് സമീപിച്ചപ്പോൾ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. നോമിനേഷൻ നൽകാൻ തയാറായപ്പോഴാണ് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന് മനസിലായത്. ഉടൻ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥനെ സമീപിച്ചു. എന്നാൽ ഒന്നും ചെയ്യാനാവില്ല എന്നായിരുന്നു മറുപടിയെന്നും വി.എം വിനു പറഞ്ഞു.
തുടർന്ന്, ജില്ലാ കലക്ടർക്കും അപ്പീൽ
നൽകി. അപ്പീലിലും ഇതുവരെ
തീരുമാനമായിട്ടില്ല. നോട്ടീസ്
നൽകാതെ, തന്നെ കേൾക്കാതെയാണ്
പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ഇത്
സ്വാഭാവിക നീതിയുടെ ലംഘനമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടർ
പട്ടികയിൽ ഇടംപിടിച്ചതിനാൽ തദ്ദേശ
പട്ടികയിൽ ഉൾപ്പെടുമെന്ന ഉറച്ച
വിശ്വാസത്തിൽ ആയിരുന്നു.
യുഡിഎഫിന്റെ സ്ഥാനാർഥിയായി
പരിഗണിക്കപ്പെടുമെന്ന് മാധ്യമങ്ങളിൽ
വ്യാപകമായി വാർത്ത വന്നു. വൻ
ഭൂരിപക്ഷത്തോടെ വിജയിക്കാനുള്ള
എല്ലാ സാധ്യതയുമുണ്ട്.
തെരഞ്ഞെടുക്കപ്പെട്ടാൽ മേയർ
ആകുമെന്ന് ഉറപ്പായിരുന്നു.
ഇതോടെ ഭരണപക്ഷം ഗൂഢാലോചന നടത്തി തന്റെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കി.തെരഞ്ഞെടുക്കപ്പെടുമെന്ന് ഭയന്ന എൽഡിഎഫ് നേതാക്കൾ ഗൂഢാലോചന നടത്തിയാണ് നോമിനേഷൻ നൽകാതിരിക്കാൻ തന്റെ പേര് ഒഴിവാക്കിയത്. ഇത് ജനാധിപത്യ അവകാശങ്ങളുടെയും സ്വാഭാവിക നീതിയുടേയും ലംഘനമാണ്. പേര് ഒഴിവാക്കിയത് നിയമവിരുദ്ധമാണെന്നും ജില്ലാ കലക്ടർക്കു മുന്നിലുള്ള അപ്പീലിൽ ഉടൻ തീരുമാനമെടുക്കാൻ കോടതി നിർദേശം നൽകണമെന്നും വിനു ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ വാദങ്ങളും കോടതി തള്ളുകയായിരുന്നു.
മലാപറമ്ബ് വാർഡിലെ വോട്ടറായ വിനുവിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് വ്യക്തമായതോടെയാണ് സ്ഥാനാർഥിയും പാർട്ടിയും പ്രതിസന്ധിയിലായത്. ഇതോടെയാണ് വിനു കോടതിയെ സമീപിച്ചത്. പട്ടികയിൽ വി.എം വിനുവിൻ്റെ വീട്ടിലെ ആരുടെ പേരും ഇല്ല. മേയർ സ്ഥാനാർഥിക്ക് വോട്ടില്ലാതായതോടെ വലിയ പ്രതിസന്ധിയാണ് കോൺഗ്രസിന് ഉണ്ടായിരിക്കുന്നത്.വി.എം വിനുവിനെ കല്ലായി ഡിവിഷനിൽ നിന്ന് മത്സരിപ്പിക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരുന്നത്. ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ, നാമനിർദേശ പത്രിക സർപ്പിക്കുന്നതിനായി ക്രമനമ്ബർ നോക്കിയപ്പോഴാണ് പട്ടികയിൽ പേരില്ല എന്നത് ശ്രദ്ധയിൽപ്പെട്ടത്. വോട്ടില്ലെന്ന് വ്യക്തമായതോടെ, പുതിയ മേയർ സ്ഥാനാർഥിയെ കണ്ടെത്താനാണ് കോൺഗ്രസിൻ്റെ നീക്കം.
