പാൽച്ചുരത്തിലെ അപകട ഭീഷണി; തലപ്പുഴ പോലീസ് മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു
തലപ്പുഴ: പാൽച്ചുരം വഴിയുള്ള യാത്രകളിൽ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾക്ക് പരിഹാരം കാണാൻ തലപ്പുഴ പോലീസ് ബോയ്സ് ടൗണിൽ പലഭാഷകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. ഭാരമേറിയ വാഹനങ്ങൾ പാൽച്ചുരത്തിലൂടെ സഞ്ചരിക്കരുതെന്ന് വ്യക്തമാക്കുന്ന ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. പാൽച്ചുരം വഴിയുള്ള ഗതാഗതത്തിൽ, പ്രത്യേകിച്ച് ഭാരമേറിയ ചരക്ക് വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. രണ്ടാഴ്ച മുമ്പ് ഇവിടെ ചരക്ക് ലോറി മറിഞ്ഞ് തമിഴ്നാട് സ്വദേശിയുടെ മരണം സംഭവിച്ചതോടെ, അപകടഭീഷണി വീണ്ടും ചർച്ചയായിരുന്നു. വയനാട് ജില്ലയെ കണ്ണൂരുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ, ദിവസവും നൂറുകണക്കിന് വാഹനങ്ങളാണ് പാൽച്ചുരത്തിലൂടെ കടന്നുപോകുന്നത്. ഗൂഗിൾ മാപ്പ് പോലുള്ള നാവിഗേഷൻ ആപ്പുകൾ ആശ്രയിച്ച് വരുന്ന മറ്റ് സംസ്ഥാനങ്ങളിലെ ഡ്രൈവർമാർ റോഡിന്റെ വെല്ലുവിളികളും വളവുകളും കുത്തനെയുള്ള ഇറക്കങ്ങളും തിരിച്ചറിയാതെ പോകുന്നതാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്. ഈ സാഹചര്യത്തിൽ, വിവിധ ഭാഷകളിലുള്ള വ്യക്തവും വായിക്കാൻ എളുപ്പവുമായ ഒരു മുന്നറിയിപ്പ് ബോർഡ് ആവശ്യമുണ്ടെന്ന് നാട്ടുകാർയും യാത്രക്കാരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. മാനന്തവാടി ഡി.വൈ.എസ്.പി വി.കെ.വിശ്വംഭരന്റെ നിർദ്ദേശപ്രകാരം തലപ്പുഴ പോലീസ് ഇൻസ്പെക്ടർ അനീഷ് കുമാർ, എസ്.ഐ എം.കെ. സോബിൻ എന്നിവരുടെ നേതൃത്വത്തിൽ കുഴിനിലം നൈസ് റെസ്റ്റോറന്റിന്റെ സഹകരണത്തോടെയാണ് ബോയ്സ് ടൗണിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. പാൽച്ചുരത്തിന്റെ അപകടാവസ്ഥയെപ്പറ്റി വ്യക്തമായ ബോധവൽക്കരണം നൽകുകയും അപകടങ്ങൾ കുറയ്ക്കുവാനും മുന്നറിയിപ്പ് ബോർഡ് ഉപകരിക്കും.
