വില കുറയുമോ?, അമേരിക്കയിൽ നിന്ന് ഇന്ത്യ ആദ്യമായി എൽപിജി ഇറക്കുമതി ചെയ്യും; കരാർ
ന്യൂഡല്‍ഹി: എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനായി യുഎസുമായി ഇന്ത്യ ‘ചരിത്രപരമായ’ കരാറില്‍ ഒപ്പുവെച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി. രാജ്യത്തിന്റെ ഊര്‍ജ്ജ സ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കാനുള്ള സമ്മര്‍ദ്ദം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് നടപടി. ആദ്യമായാണ് അമേരിക്കയില്‍ നിന്ന് ഇന്ത്യ എല്‍പിജി ഇറക്കുമതി ചെയ്യാന്‍ പോകുന്നത്.
ഇന്ത്യയുടെ വാര്‍ഷിക വിഹിതത്തിന്റെ ഏകദേശം 10 ശതമാനം വരുന്ന 2.2 മില്യണ്‍ ടണ്‍സ് എല്‍പിജി ഇറക്കുമതി ചെയ്യുന്നതിനാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഒരു വര്‍ഷത്തെ കരാറില്‍ ഒപ്പുവെച്ചത്.’ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സുരക്ഷിതമായി താങ്ങാനാവുന്ന വിലയില്‍ എല്‍പിജി വിതരണം ചെയ്യാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്‍പിജി ഉറവിടങ്ങള്‍ വൈവിധ്യവല്‍ക്കരിച്ചുവരികയാണ്,’- ഹര്‍ദീപ് സിങ് പുരി എക്സില്‍ കുറിച്ചു.
കരാര്‍ പ്രകാരം, 2026ല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ യുഎസ് ഗള്‍ഫ് കോസ്റ്റില്‍ നിന്ന് എല്‍പിജി ലഭ്യമാക്കും. ഇന്ത്യന്‍ വിപണിയിലേക്കുള്ള യുഎസ് എല്‍പിജിയുടെ ആദ്യത്തെ കരാര്‍ കൂടിയാണിതെന്നും പുരി പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഒരു സംഘം കഴിഞ്ഞ കുറച്ച് മാസങ്ങളായി അമേരിക്കയിലെ മുന്‍നിര എണ്ണ ഉല്‍പ്പാദകരുമായി ചര്‍ച്ച നടത്തി വരികയാണ്. അന്താരാഷ്ട്ര വിപണിയില്‍ വില ഉയരുന്നുണ്ടെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ആഗോളതലത്തിലെ തന്നെ ഏറ്റവും കുറഞ്ഞ വിലയ്ക്ക് എല്‍പിജി നല്‍കുന്നുണ്ടെന്നും പുരി പറഞ്ഞു.
ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയും അമേരിക്കയും തമ്മില്‍ വിശാലമായ ഒരു വ്യാപാര കരാര്‍ ഉണ്ടാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ കരാര്‍. വ്യാപാര കരാര്‍ പ്രകാരം, റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ചുമത്തിയിരുന്ന അധിക 25 ശതമാനം താരിഫ് ട്രംപ് ഭരണകൂടം പിന്‍വലിച്ചേക്കും.
