നമ്മള് ഒരു രാജ്യം; വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ല: സുപ്രീംകോടതി
ന്യൂഡല്‍ഹി: നമ്മള് ഒരു രാജ്യമാണെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ ആരോടും വിവേചനം പാടില്ലെന്നും സുപ്രീംകോടതി. ജനങ്ങള്‍ സൗഹാര്‍ദത്തോടെ കഴിയുന്ന രാജ്യത്ത് അത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
മുണ്ട് ധരിച്ച മലയാളി വിദ്യാര്‍ഥികള്‍ ഡല്‍ഹിയില്‍ വിവേചനം നേരിട്ട വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിരീക്ഷണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരേ ഡല്‍ഹിയിലുണ്ടായ ആക്രമണങ്ങള്‍ സംബന്ധിച്ച 2015-ലെ ഹര്‍ജി പരിഗണിക്കുകയായിരുന്നു.
സെപ്റ്റംബര്‍ 24-നാണ് മുണ്ടുടുത്തതിനും ഹിന്ദി സംസാരിക്കാത്തതിനും ചെങ്കോട്ടയ്ക്ക് സമീപത്തുവെച്ച് ഡല്‍ഹി സാക്കിര്‍ ഹുസൈന് കോളജിലെ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റത്. ആദ്യം നാട്ടുകാരും പിന്നീട് പൊലീസും മര്‍ദിച്ചെന്നാണ് പരാതി. വംശീയവിവേചനങ്ങള്‍ തടയാന്‍ കര്‍ശന നടപടിയെടുക്കാന്‍ അധികാരം നല്കി നിരീക്ഷണ സമിതിയുണ്ടാക്കാന്‍ കേന്ദ്രത്തോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു.
