Feature NewsNewsPopular NewsRecent Newsകേരളം

സപ്ലൈകോയിൽ കാർഡൊന്നിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: സപ്ലൈകോ വിൽപ്പനശാലകളിൽ ഒരു കാർഡിന് പ്രതിമാസം രണ്ടുലിറ്റർ വെളിച്ചെണ്ണ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ അറിയിച്ചു. നിലവില്‍ ഒരു കാർഡിന് 319 രൂപ നിരക്കില്‍ പ്രതിമാസം ഒരു ലിറ്റർ വെളിച്ചെണ്ണയാണ് നൽകുന്നത്. സബ്സിഡി ഇതര വെളിച്ചെണ്ണ ശബരി 359 രൂപയ്ക്കും കേര 429 രൂപയ്ക്കും ലഭ്യമാക്കും.

ഓണത്തോട് അനുബന്ധിച്ച് 25 രൂപ നിരക്കില്‍ ഒരു കാർഡിന് പ്രതിമാസം 20 കിലോ പച്ചരി/പുഴുക്കലരി നല്‍കിയിരുന്നത് സ്ഥിരമായി നല്‍കാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. സ്ത്രീ ഉപഭോക്താക്കൾക്ക് സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10 ശതമാനം വരെ അധിക വിലക്കുറവ് നൽകും. 1,000 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്ന എല്ലാവർക്കും ഒരു കിലോ പഞ്ചസാര 5 രൂപയ്ക്ക് ഈ മാസം മുതൽ നൽകുന്നുണ്ട്.

500 രൂപയ്ക്ക് മുകളിൽ സബ്സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് 250 ഗ്രാമിന്‍റെ ശബരി ഗോൾഡ് തേയില 25 ശതമാനം വിലക്കുറവിൽ നൽകും. 105 രൂപ വിലയുള്ള ശബരി ഗോൾഡ് തേയില 61.50 രൂപയ്ക്കാണ് നൽകുക. 500 രൂപക്ക് മുകളിലുള്ള ബില്ലുകളിൽ സപ്ലൈകോ വിൽപ്പനശാലകളിൽ യുപിഐ മുഖേന പണം അടയ്ക്കുകയാണെങ്കിൽ 5 രൂപ കുറവ് നൽകും.

ഈ വർഷവും ആറ് ജില്ലാ കേന്ദ്രങ്ങളിൽ പ്രത്യേക ക്രിസ്മസ് ഫെയറുകൾ സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂർ എന്നിവിടങ്ങളിലാണ് ഫെയറുകൾ സംഘടിപ്പിക്കുക. താലൂക്ക് തലത്തിൽ തിരഞ്ഞെടുത്ത സൂപ്പർമാർക്കറ്റുകൾ ക്രിസ്മസ് ഫെയറുകളായി പ്രവർത്തിക്കും. ഡിസംബർ 21 മുതൽ ജനുവരി 01 വരെയായിരിക്കും ഫെയറുകൾ.

Leave a Reply

Your email address will not be published. Required fields are marked *