Feature NewsNewsPopular NewsRecent Newsവയനാട്

മൊബൈൽ ഫോണിൽ ഫോട്ടോയെടുത്ത് പിഴ; മാനന്തവാടി പോലീസിന്റെ നടപടി വിവാദത്തിൽ

മാനന്തവാടി: ട്രാഫിക് നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്ന പോലീസിന്റെ രീതിക്കെതിരെ മാനന്തവാടിയിൽ വ്യാപക പ്രതിഷേധം. മതിയായ പാർക്കിംഗ് സൗകര്യമില്ലാത്ത ടൗണിൽ, മൊബൈൽ ഫോണിൽ ഫോട്ടോയെടുത്താണ് പിഴ ഈടാക്കുന്നതെന്നും, പോലീസ് വിവേചനപരമായി പെരുമാറുന്നുവെന്നുമാണ് പ്രധാന ആരോപണം.

മോട്ടോർ വാഹന നിയമപ്രകാരം മൊബൈൽ ഫോണിൽ ചിത്രമെടുത്ത് പിഴ ചുമത്താൻ വ്യവസ്ഥയില്ലെന്നിരിക്കെ, പോലീസും ഹോം ഗാർഡുമാരും ഇത്തരത്തിൽ ഫോട്ടോയെടുത്ത് പിഴ ഈടാക്കുന്നതായി നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ, വിവരാവകാശ നിയമപ്രകാരം നൽകിയ മറുപടിയിൽ, ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നാണ് ഡിവൈഎസ്പി ഓഫീസ് വ്യക്തമാക്കുന്നത്. പോലീസ് വാഹനങ്ങൾ നടപ്പാതകളിലടക്കം നിയമം ലംഘിച്ച് പാർക്ക് ചെയ്യുമ്പോൾ നടപടിയെടുക്കാതെ, സാധാരണക്കാരുടെ വാഹനങ്ങൾക്ക് നേരെ കർശന നടപടി സ്വീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും ആക്ഷേപമുണ്ട്.

നഗരത്തിൽ കാറുകൾക്ക് പാർക്ക് ചെയ്യാൻ മതിയായ സൗകര്യമില്ലാത്തതും ജനങ്ങളുടെ ദുരിതം വർധിപ്പിക്കുന്നു. അശാസ്ത്രീയമായ പിഴ ചുമത്തലിനെതിരെ കഴിഞ്ഞ ദിവസം സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ ട്രാഫിക് എസ്ഐയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. ഗതാഗതക്കുരുക്കുള്ള റോഡുകളിൽ പോലീസ് നടത്തുന്ന വാഹന പരിശോധനകൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായും സാമൂഹിക മാധ്യമങ്ങളിൽ വിമർശനമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *