Feature NewsNewsPopular NewsRecent NewsSports

വിശ്വകിരീടവുമായി ഇന്ത്യൻ വനിതകൾ; ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യയ്ക്ക് വനിതാ ക്രിക്കറ്റ് ലോകകപ്പ്

മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ കന്നിമുത്തം.ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഇന്ത്യ ഉയർത്തിയ 299 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് പുറത്തായി. കലാശപ്പോരിൽ രണ്ട് തവണ കാലിടറിയ ഇന്ത്യ ഇക്കുറി പതറാതെ പോരാടി. കന്നിക്കിരീടം ലക്ഷ്യമിട്ടെത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് നിരാശയോടെ മടക്കം.ഇന്ത്യയുടെ ഭേദപ്പെട്ട സ്കോറിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്തും ടാസ്മിന്‍ ബ്രിറ്റ്‌സും ഒന്‍പത് ഓവറില്‍ ടീമിനെ അമ്പത് കടത്തി. പിന്നാലെ ബ്രിറ്റ്‌സ് റണ്ണൗട്ടായി മടങ്ങി. 23 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. വണ്‍ഡൗണായി ഇറങ്ങിയ അന്നെകെ ബോഷ് ഡക്കായി മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ടീം 62-2 എന്ന നിലയിലായി. ക്യാപ്റ്റന്‍ ലോറ വോള്‍വര്‍ത്ത് ക്രീസില്‍ നിലയുറപ്പിച്ചതോടെ സ്‌കോര്‍ 100 കടന്നു. 25 റൺസെടുത്ത സ്യൂണ്‍ ല്യൂസിനെ ഷഫാലി വർമ മടക്കിതോടെ ടീം 114-3 എന്ന നിലയിലായി. മരിസാന്നെ ക്യാപ്പിനെയും ഷഫാലി പുറത്താക്കിയതോടെ ഇന്ത്യക്ക് പ്രതീക്ഷ കൈവന്നു.16 റണ്‍സെടുത്ത സിനാലോ ജാഫ്തയെ ദീപ്തി ശര്‍മയും കൂടാരം കയറ്റി.

അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ പിന്നീട് ക്യാപ്റ്റൻ വോൾവാർത്താണ് കരകയറ്റുന്നത്. വിക്കറ്റുകൾ വീഴുമ്പോഴും ക്യാപ്റ്റൻ പതറാതെ ടീമിന് കരുത്തായി. അനെറി ഡെർക്സണിനെ കൂട്ടുപിടിച്ച് വോൾവാർത്ത് ടീമിനെ 200 കടത്തി. 35 റൺസെടുത്ത ഡെർക്സണെ ദീപ്തി പുറത്താക്കിയെങ്കിലും സെഞ്ചുറി തികച്ച വോൾവാർത്ത് പിടികൊടുക്കാതെ ബാറ്റേന്തി. എന്നാൽ ദീപ്തി ശർമ കളിയുടെ ഗതി മാറ്റി. വോൾവാർത്തിന്റേതടക്കം രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തിയ ദീപ്തി ഇന്ത്യയെ ജയത്തിനടുത്തെത്തിച്ചു. 98 പന്തിൽ 101 റൺസെടുത്താണ് വോൾവാർത്ത് പുറത്തായത്. രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ഇന്ത്യ പ്രോട്ടീസിനെ 246 റൺസിന് പുറത്താക്കി.

ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം 2 മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയതെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കിയില്ല.നിശ്ചിത 50 ഓവറില്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സ് നേടി. ഓപ്പണര്‍ ഷെഫാലി വര്‍മയുടെയും (78 പന്തില്‍ 87) ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മയുടെയും അര്‍ധസെഞ്ചറികളാണ് ഇന്ത്യയ്ക്ക് കരുത്തായത്. ഓപ്പണിങ് വിക്കറ്റില്‍ 104 റണ്‍സ് നേടിയ സ്മൃതി മന്ഥന–ഷെഫാലി സഖ്യം തകര്‍പ്പന്‍ തുടക്കമാണ് ടീമിന് നല്‍കിയത്.അവസാന ഓവറുകളില്‍ കൂറ്റനടികളുമായി റിച്ച ഘോഷും ദീപ്തി ശര്‍മയും ഇന്ത്യയ്ക്ക് രക്ഷയായി. ദീപ്തി 58 റണ്‍സ് നേടി അവസാന പന്തില്‍ പുറത്തായി.

Leave a Reply

Your email address will not be published. Required fields are marked *