ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ, കൊന്നത് കൊച്ചുമക്കളടക്കം നാല് പേരെ
ചീനിക്കുഴി കൂട്ടക്കൊലപാതകം: പ്രതി ഹമീദിന് വധശിക്ഷ, കൊന്നത് കൊച്ചുമക്കളടക്കം നാല് പേരെ
ഇടുക്കി:സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇടുക്കി ചീനിക്കുഴിയില്‍ കൂട്ടക്കൊലപാതകം നടത്തിയ പ്രതിക്ക് വധശിക്ഷ. പ്രതി ആലിയക്കുന്നേല്‍ ഹമീദിനെ മരണം വരെ തൂക്കാൻ തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആഷ് കെ ബാല്‍ വിധിച്ചത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് മകനെയും മകന്റെ ഭാര്യയെയും രണ്ട് കൊച്ചുമക്കളെയും തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2022 മാര്‍ച്ച് 19-ന് ശനിയാഴ്ച പുലര്‍ച്ചെ 12.30-നാണ് ആലിയക്കുന്നേല്‍ വീട്ടില്‍ ഹമീദ് (79) അരുംകൊല നടത്തിയത്. മകന്‍ ഷിബു എന്ന് വിളിക്കുന്ന മുഹമ്മദ് ഫൈസല്‍, മകന്റെ ഭാര്യ ഷീബ (40), പെണ്‍മക്കളായ മെഹ്റിന്‍ (16), അസ്‌ന (13) എന്നിവരെ ജനല്‍ വഴി കിടപ്പുമുറിയിലേക്ക് പെട്രോള്‍ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
‘
അര്‍ധരാത്രി ഫൈസലും ഭാര്യയും മക്കളും ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം കിടപ്പുമുറിയുടെ വാതില്‍ പുറത്ത് നിന്ന് പൂട്ടി പെട്രോള്‍ കുപ്പികള്‍ തീകൊളുത്തി ജനല്‍ വഴി അകത്തേക്ക് എറിയുകയായിരുന്നു. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ക്ക് അകത്തേക്ക് കടക്കാനായില്ല. നാല് പേരും മുറിക്കുള്ളില്‍ വെന്ത് മരിക്കുകയായിരുന്നു. പ്രതിയുടെ പ്രായം പരിഗണിക്കാതെ പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന് വേണ്ടി അഡ്വ. എം സുനില്‍ മഹേശ്വരന്‍ പിള്ള കോടതിയില്‍ വാദിച്ചു.
പ്രോസിക്യൂഷന്‍ 71 സാക്ഷികളെയും പ്രതിഭാഗം മൂന്ന് സാക്ഷികളെയും വിസ്തരിച്ചു. തെളിവായി പ്രോസിക്യൂഷന്‍ 137 ഡോക്യുമെന്റുകളും കോടതിയില്‍ ഹാജരാക്കി.
