നവീൻ ബാബുവിൻ്റെ മരണം: 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, പി പി ദിവ്യയ്ക്കും പ്രശാന്തനുമെതിരെ ഹർജി
പത്തനംതിട്ട: കണ്ണൂർ മുൻ എഡിഎം കെ നവീൻബാബുവിൻ്റെ മരണത്തിൽ സിപിഎം നേതാവ് പിപി ദിവ്യക്കെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി. 65 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണ് നവീൻബാബുവിൻ്റെ കുടുംബം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലാപഞ്ചായത്തിൻ്റെ മുൻ പ്രസിഡന്റ്റ് പി പി ദിവ്യ, നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണം ഉന്നയിച്ച ടി വി പ്രശാന്തൻ എന്നിവരാണ് എതിർകക്ഷികൾ. ഹർജി പത്തനംതിട്ട സബ്കോടതി ഫയലിൽ സ്വീകരിച്ചു.
ദിവ്യയ്ക്കും പ്രശാന്തനും കോടതി സമൻസ് അയച്ചിട്ടുണ്ട്. നേരിട്ടോ അഭിഭാഷകർ മുഖാന്തരമോ നവംബർ 11-ന് ഹാജരാകാനാണ് ഇവർക്ക് കോടതി നിർദേശം നൽകിയിട്ടുള്ളത്. അഭിഭാഷകനായ അജിത്ത് പ്രഭാവ് മുഖാന്തരമാണ് ഹർജി ഫയൽ ചെയ്തിട്ടുള്ളത്. നവീൻ ബാബു കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനാണെന്ന് ലാൻഡ് റവന്യൂ കമ്മിഷണറുടെ റിപ്പോർട്ടും വിജിലൻസ് റിപ്പോർട്ടും സാക്ഷ്യപ്പെടുത്തുന്നതായി ഹർജിയിൽ കുടുംബം വ്യക്തമാക്കുന്നു. പ്രശാന്തൻ മുഖ്യമന്ത്രിക്ക് അയച്ചു എന്നുപറയുന്ന പരാതി ആ ഓഫീസിൽ കിട്ടിയിട്ടില്ലെന്നതും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
