ശബരിമല സ്വർണക്കൊള്ള:തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള വിവാദത്തിനിടെ ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും. സ്വർണക്കൊള്ളയിൽ നിലവിലെ ദേവസ്വം ബോർഡിനേയും സംശയമുനയിൽ നിർത്തുന്ന ഹൈക്കോടതി പരാമർശങ്ങളിൽ ബോർഡിന് കടുത്ത അതൃപ്‌തിയുണ്ട്. കാര്യം ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്ന കാര്യം യോഗം ചർച്ച ചെയ്യും.
ഈ വർഷത്തെ മേൽശാന്തിയുടെ സഹായികളുടെ മുഴുവൻ പേര് വിവരങ്ങൾ ഹാജരാക്കാൻ കോടതി നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ സത്യവാങ്മൂലം നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടത്. ഇതും ഇന്നത്തെ യോഗം ചർച്ച ചെയ്യും.
ശബരിമലുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി മേൽശാന്തിമാരുടെ സഹായികളെ സംബന്ധിച്ച അഞ്ച് വിഷയങ്ങളിൽ മറുപടി നൽകാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് ഹൈക്കോടതി നിർദേശം നൽകിയത്. ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ സഹായികളായി നിയമിക്കപ്പെടുന്നവരുടെ പൂർണ പേരും വ്യക്തിഗത വിവരങ്ങളും അറിയിക്കണം. മുൻകാല ചരിത്രവും പശ്ചാത്തലവും വിശദീകരിക്കണം. സന്നിധാനത്ത് വരുന്നതിനു മുമ്പ്, ഇവരുടെ തിരിച്ചറിയൽ രേഖകൾ ശേഖരിച്ച് ക്രിമിനൽ പശ്ചാത്തലം ഉൾപ്പെടെ പരിശോധിച്ചിട്ടുണ്ടോ എന്നും അറിയിക്കണം. ആരെങ്കിലും മുൻകാല മേൽശാന്തിമാരുടെ സഹായിമാരായി സന്നിധാനത്ത് ഉണ്ടായിരുന്നോ? ഇവർ ശബരിമലയിൽ നിയമവിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെട്ടാൽ ആർക്കാണ് ഉത്തരവാദിത്വം എന്നീ കാര്യങ്ങളിലും കോടതി വിശദീകരണം തേടിയിട്ടുണ്ട്.
