ദില്ലിയിലെ വായുമലിനീകരണം ഗുരുതരാവസ്ഥയിൽ, മന്ത്രിമാർക്കായി എയർ പ്യൂരിഫയർ വാങ്ങാനുള്ള സർക്കാർ തീരുമാനം വിവാദത്തിൽ
ദില്ലി: തുടർച്ചയായ നാലാം ദിവസവും ദില്ലിയെ ശ്വാസം മുട്ടിച്ച് വായുമലിനീകരണം ഗുരുതരാവസ്ഥയിൽ തുടരുന്നു. വായുമലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിങ്ങ് പദ്ധതി ഉടൻ നടപ്പാക്കും. ഇതിനിടെ സെക്രട്ടേറിയേറ്റിൽ മന്ത്രിമാർക്കായി 15 എയർ പ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വിവാദമായി. ദീപാവലി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും ദില്ലിയിൽ വായു മലിനീകരണത്തിന് കുറവില്ല. പലയിടത്തും വായുഗുണനിലവാരം ഇപ്പോഴും 350ന് മുകളിൽ തുടരുകയാണ്. ആനന്ദ് വിഹാറിൽ ഇത് 428 ആയി ഉയർന്നു.
നിലവിൽ മലിനീകരണം നേരിടുന്നതിനുള്ള ഗ്രാപ് രണ്ട് ശുപാർശ പ്രകാരമുള്ള നിയന്ത്രണങ്ങളാണ് ദില്ലിയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ദീപാവലിയോട് അടുത്ത ദിവസങ്ങളിൽ വ്യാപകമായി പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളിൽ വൻ തോതിൽ വൈക്കോൽ കത്തിക്കുന്നതുമാണ് മലിനീകരണം രൂക്ഷമായി തുടരുന്നതിന് കാരണം. വായുമലിനീകരണം കുറയ്ക്കാൻ കൃത്രിമ മഴ പെയ്യിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി ദില്ലി മന്ത്രി മജീന്ദർ സിംഗ് സിർസ അറിയിച്ചു. കൃത്രിമമഴ പെയ്യിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് അനുമതി നൽകിയാലുടൻ ക്ലൗഡ് സീഡിംഗിനുള്ള നടപടികൾ തുടങ്ങും
മലിനീകരണം താരതമ്യേന കുറവെന്നാണ്* അതേസമയം മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ വാദം. ദീപാവലിയുമായി മാത്രം ഇതിനെ ബന്ധപ്പെടുത്തുന്നത് ആസൂത്രിത പ്രചാരണമാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനിടെ മന്ത്രിമാർക്കും എംഎൽഎമാർക്കും ശുദ്ധവായു ലഭിക്കുന്നതിന് 15 എയർ പ്യൂരിഫയറുകൾ സെക്രട്ടറിയേറ്റിൽ സ്ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തത് വിവാദമായി. എയർപ്യൂരിഫയർ വാങ്ങാൻ സർക്കാർ തീരുമാനിച്ചത് വായു മലിനീകരണം രൂക്ഷമാണ് എന്നതിന്റെ തെളിവാണെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി
