Feature NewsNewsPopular NewsRecent Newsകേരളം

സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയർ മെഡിസിനിൽ പിജി സീറ്റുകൾ;അനുവദിച്ചത് കോഴിക്കോട് മെഡിക്കൽ കോളജിന്

19 OCT 2025

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി ന്യൂക്ലിയര്‍ മെഡിസിനില്‍ പിജി സീറ്റുകള്‍ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജിനാണ് സീറ്റുകള്‍ അനുവദിച്ചത്. രാജ്യത്ത് സ്റ്റേറ്റ് മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂക്ലിയര്‍ മെഡിസിന് പിജി പഠനം സാധ്യമാകുന്നത്.

മലബാര്‍ കാന്‍സര്‍ സെന്ററില്‍ റേഡിയേഷന്‍ ഓങ്കോളജിയില്‍ പിജി സീറ്റുകള്‍ അനുവദിക്കപ്പെട്ടു. ന്യൂക്ലിയര്‍ മെഡിസിനിലേയും റേഡിയേഷന്‍ ഓങ്കോളജിയിലേയും ഉള്‍പ്പെടെ പിജി സീറ്റുകള്‍ കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്തിന് കൂടുതല്‍ കരുത്ത് പകരും.

81 പുതിയ മെഡിക്കല്‍ പിജി സീറ്റുകള്‍ക്കാണ് കേരളത്തിന് ഇത്തവണ എന്‍എംസി അനുമതി നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് 17, എറണാകുളം മെഡിക്കല്‍ കോളേജ് 15, കണ്ണൂര്‍ മെഡിക്കല്‍ കോളേജ് 15, കൊല്ലം മെഡിക്കല്‍ കോളേജ് 30, കോഴിക്കോട് മെഡിക്കല്‍ കോളേജ് 2, മലബാര്‍ കാന്‍സര്‍ സെന്റര്‍ (എംസിസി) 2. മെഡിക്കല്‍ കോളേജുകള്‍ക്കായി 270 അധ്യാപക തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പി.ജി. സീറ്റുകള്‍ ലഭ്യമായത്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് വിഭാഗത്തിലും, ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലും പിജി സീറ്റുകള്‍ അനുവദിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *