റേഷന്‍ കടകള്‍ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയായി മാറും
കൊച്ചി സംസ്ഥാനത്തെ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്നു. പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാര്‍.
പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. നിലവില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകളിലൂടെ മില്‍മ, സപ്ലൈകോ, കേരഫെഡ്, ഇന്ത്യന്‍ ഓയില്‍ എന്നിവയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും വീട്ടുപകണങ്ങള്‍, കാര്‍ഷികാവശ്യങ്ങള്‍ക്കുള്ള സാധനങ്ങള്‍ എന്നിവയും ഉള്‍പ്പെടുത്തും.
ആധുനിക ബില്ലിംഗ് സംവിധാനങ്ങള്‍, ഡിജിറ്റല്‍ ഇന്‍വെന്ററി മാനേജ്മെന്റിലൂടെ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും വിഷന്‍ 2031 പദ്ധതിയിടുന്നു.
ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുത്തു നടന്ന വിഷന്‍ 2031 സെമിനാറില്‍ റേഷന്‍ കടകളെയും മാവേലി സ്റ്റോറുകളാക്കി മാറ്റുന്നതിനുള്ള നിര്‍ദേശം ഉരുത്തിരിഞ്ഞതായി ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു.
മൂന്ന് ഘട്ടങ്ങളിലായി വിഷന്‍ 2031 നടപ്പാക്കാനാണ് പദ്ധതി. നടപ്പ് സാമ്പത്തിക വര്‍ഷം ഉള്‍പ്പെടുന്ന (2025-26) ആദ്യ ഘട്ടത്തില്‍ അഞ്ച് അഞ്ചു ജില്ലകളില്‍ പൈലറ്റ് പദ്ധതി നടപ്പിലാക്കും. രണ്ടാം ഘട്ടമായി (2026-28) പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. മൂന്നാം ഘട്ടത്തില്‍ (2028-30 ) പദ്ധതിയെ ഏകജാലക സംവിധാനത്തിലേക്ക് കൊണ്ടുവരികയും കേന്ദ്രീകൃത നിരീക്ഷണം നടപ്പിലാക്കാനുമാണ് പദ്ധതിയിടുന്നത്.