Feature NewsNewsPopular NewsRecent News

വീണ്ടും ബാങ്ക് ലയനം; പൊതുമേഖല ബാങ്കുകളുടെ എണ്ണം 12 ൽ നിന്ന് മൂന്നാക്കി ചുരുക്കുന്നു

ന്യൂഡൽഹി: പൊതുമേഖല ബാങ്ക് ലയനങ്ങളുടെ അടുത്തഘട്ടവുമായി കേന്ദ്രസർക്കാർ മുന്നോട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), പഞ്ചാബ് നാഷണൽ ബാങ്ക് (പി.എൻ.ബി) കാനറ ബാങ്ക് എന്നിവയ്ക്കു കീഴിലേക്ക് മറ്റ് ബാങ്കുകളെ ലയിപ്പിക്കുകയാണ് ചെയ്യുക. ലയന നടപടികൾ ഈ സാമ്പത്തിക വർഷം അവസാനത്തോടെ ആരംഭിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. ഇക്കാര്യത്തിൽ കഴിഞ്ഞദിവസം കേന്ദ്ര ധനകാര്യമന്ത്രാലയം അനുമതി നൽകി.

ബാങ്ക് ഓഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയെ എസ്.ബി.ഐയിൽ ലയിപ്പിക്കും. യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ (യു.ബി.ഐ), ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് എന്നിവയെ കാനറ ബാങ്കിലും, ബാങ്ക് ഓഫ് ബറോഡ, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് (ഐ.ഒ.ബി) എന്നിവയെ പഞ്ചാബ് നാഷണൽ ബാങ്കിലും ലയിപ്പിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ രാജ്യത്താകെ 12 പൊതുമേഖല ബാങ്കുകളാണുള്ളത്. ലയനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം മൂന്നായി ചുരുങ്ങും.

ഇതിന് മുമ്പ് 2020 ഏപ്രിലിലാണ് പൊതുമേഖല ബാങ്കുകളുടെ ലയനം നടന്നത്. ഓറിയൻ്റൽ ബാങ്ക് കോമേഴ്സ്, യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയെ പഞ്ചാബ് നാഷനൽ ബാങ്കിലും സിൻഡിക്കേറ്റ് ബാങ്കിനെ കാനറ ബാങ്കിലും അലഹബാദ് ബാങ്കിനെ ഇന്ത്യൻ ബാങ്കിലും ആന്ധ്ര ബാങ്ക്, കോർപ്പറേഷൻ ബാങ്ക് എന്നിവയെ യൂനിയൻ ബാങ്കിലും ലയിപ്പിക്കുകയായിരുന്നു.

രാജ്യാന്തരരംഗത്തെ വമ്പൻ കമ്പനികൾ ഇന്ത്യയിലേക്കെത്തുമ്പോൾ അവരുടെ വായ്‌പ ആവശ്യകതകൾ നിരവേറ്റാൻ കഴിയുന്ന തരത്തിൽ ഇന്ത്യയിലെ ബാങ്കുകളുടെ ശേഷി ഉയർത്തേണ്ടതുണ്ട്. അതിനാൽ ലയനത്തിലൂടെ ആഗോളതലത്തിൽ മത്സരക്ഷമതയുള്ള പൊതുമേഖലാ ബാങ്കുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. നിലവിൽ ഇന്ത്യയുടെ എസ്.ബി.ഐ ആഗോള റാങ്കിങ്ങിൽ 43-ാം സ്ഥാനത്താണുള്ളത്. 66.8 ലക്ഷം കോടിയാണ് ബാങ്കിന്റെ ആസ്ത‌ി. പി.എൻ.ബിക്ക് 8.2 ലക്ഷം കോടിയും കാനറ ബാങ്കിന് 16.8 ലക്ഷവും ആസ്‌തിയുമുണ്ട്.

ബാങ്ക് ലയനത്തിനൊപ്പം പൊതുമേഖല ബാങ്കുകളുടെ നേതൃത്വവുമായി ബന്ധപ്പെട്ട പുതിയ ചട്ടവും കേന്ദ്രസർക്കാർ കൊണ്ടുവന്നിട്ടുണ്ട്. ഇതുപ്രകാരം പൊതുമേഖല ബാങ്കുകളുടെ തലപ്പത്തേക്ക് യോഗ്യരും മത്സരക്ഷമതയുമുള്ള സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും വരാം. പുതിയ നീക്കങ്ങളെ ‘ഗെയിം ചേയ്ഞ്ചർ’ എന്നാണ് ഇന്ത്യൻ ബാങ്കിങ് രംഗത്തുള്ളവർ വിശേഷിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *