ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ?’; ആശുപത്രിയിലെത്തിയ നാലാം ക്ലാസുകാരന്റെ ചിത്രം പങ്കുവെച്ച് മന്ത്രി.
കോഴിക്കോട്: പലതരം പേടിപ്പെടുത്തുന്ന വാര്‍ത്തകള്‍ക്കിടയിലും ചില നല്ല വാര്‍ത്തകളും വിശേഷങ്ങളും നമ്മെ തേടിയെത്താറുണ്ട്.
സഹജീവികളോടുള്ള സ്നേഹവും കരുണയും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് സ്നേഹത്തിന്‍റെ മാതൃക കാട്ടുകയാണ് ജനിത്ത് എന്ന നാലാം ക്ലാസുകാരൻ. വഴിയരികില്‍ പരിക്കേറ്റ് കിടക്കുന്ന കിളിക്കുഞ്ഞിനെ കണ്ട് ഉപേക്ഷിച്ചു പോകാൻ ആ കുഞ്ഞുമോന് മനസ് വന്നില്ല. പകരം അതിനെയും എടുത്ത് തൊട്ടടുത്തുള്ള ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു. എങ്ങനെയെങ്കിലും ആ കിളിക്കുഞ്ഞിനെ രക്ഷിക്കുക മാത്രമായിരുന്നു അവന്‍റെ ലക്ഷ്യം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് ജനിത്തിന്‍റെ കഥ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ഡോക്ടറേ, ഈ കിളിക്കുഞ്ഞിനെ ജീവൻ വെപ്പിക്കാവോ?. ഈ ചോദ്യം കേട്ട് ഒരു നിമിഷം ആ ഡോക്ടറുടെ മാത്രമല്ല, ഈ വാർത്തയറിഞ്ഞ ഓരോ മലയാളിയുടെയും ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിട്ടുണ്ടാകും. കണ്ണൂർ ഇരിക്കൂർ ഉപജില്ലയിലെ ശാരദ വിലാസം എയുപി സ്കൂളിലെ നാലാം ക്ലാസുകാരനായ പ്രിയപ്പെട്ട ജനിത്ത്, വഴിയരികില്‍ പരിക്കേറ്റ് കിടന്ന ഒരു കിളിക്കുഞ്ഞുമായി തൊട്ടടുത്ത ഹോമിയോ ആശുപത്രിയിലേക്ക് ഓടിയെത്തുകയായിരുന്നു.
ഉപേക്ഷിച്ചു പോകാൻ ആ കുഞ്ഞുമനസ്സിന് കഴിഞ്ഞില്ല. ഒരു ജീവന്റെ വിലയെന്തെന്ന് തിരിച്ചറിഞ്ഞ ആ നിമിഷമാണ് നമ്മുടെ പൊതുവിദ്യാഭ്യാസത്തിന്റെ യഥാർത്ഥ വിജയം. പാഠപുസ്തകങ്ങള്‍ക്കപ്പുറം സ്നേഹത്തിന്റെയും കരുണയുടെയും വലിയ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് ഇത്തരം അനുഭവങ്ങളിലൂടെയാണ്. ജീവജാലങ്ങളോടുള്ള ഈ സഹാനുഭൂതിയും കരുതലും ഓരോ വിദ്യാർത്ഥിയുടെയും മനസ്സില്‍ വിരിയിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഈ നന്മ തിരിച്ചറിഞ്ഞ് ആ ഹൃദയസ്പർശിയായ നിമിഷം ക്യാമറയില്‍ പകർത്തി സ്കൂള്‍ അധികൃതരെ അറിയിച്ച ഡോക്ടർക്കും, ഈ മൂല്യങ്ങള്‍ പകർന്നു നല്‍കുന്ന ശാരദ വിലാസം എ.യു.പി. സ്കൂളിലെ അധ്യാപകർക്കും രക്ഷാകർത്താക്കള്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍. പ്രിയ ജനിത്തിന് ഹൃദയം നിറഞ്ഞ സ്നേഹാഭിനന്ദനങ്ങള്‍. മോനെയോർത്ത് ഞങ്ങള്‍ക്കെല്ലാം അഭിമാനമുണ്ട്. നന്മയും സഹാനുഭൂതിയുമുള്ള ഒരു തലമുറ ഇവിടെ പഠിച്ചു വളരുന്നു എന്നതില്‍ നമുക്കേവർക്കും സന്തോഷിക്കാം’ – മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.