സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം. ഈ മാസം ഇരുപതിനുള്ളിൽ ആദ്യഘട്ട സ്ക്രീനിങ് പൂർത്തിയാക്കും. ഇത്തവണ 128 സിനിമകളാണ് ജൂറി കാണുന്നത്. ആദ്യഘട്ട സ്ക്രീനിംഗ് രണ്ടു വിഭാഗം ആയി തിരിഞ്ഞു പുരോഗമിക്കുകയാണ്. 38 സിനിമകളുടെ ചുരുക്കപ്പട്ടിക ഉടൻ തയ്യാറാക്കും. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിടയുള്ളതിനാലാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്.
രഞ്ജൻ പ്രമോദ്, ജിബു ജേക്കബ് അടങ്ങുന്ന ജൂറിയാണ് 128 സിനിമകൾ കാണുന്നത്. ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ പ്രകാശ് രാജ് ഉൾപ്പെടുന്ന അന്തിമ ജൂറിയാണ് ചുരുക്കപ്പട്ടികയിലുള്ള 38 സിനിമകളിൽ നിന്ന് മികച്ച ചിത്രവും മികച്ച സംവിധായക/ സംവിധായികയേയും മറ്റ് കലാകാരന്മാരേയും തിരഞ്ഞെടുക്കുന്നത്. നവംബർ രണ്ടാം വാരത്തോടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ പശ്ചാത്തലത്തിലാണ് അവാർഡുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത്.
ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്‌മി, ഗായിക ഗായത്ര അശോകൻ, സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം മുതലായവരും അന്തിമ ജഡ്ജിംങ് പാനലിൽ ഉൾപ്പെട്ടിട്ടുണ്ട്. ചലച്ചിത്ര നിരൂപകൻ എം.സി. രാജ നാരായണൻ, നിർമ്മാതാവ് വി.സി. അഭിലാഷ്, കവിയും ഗാനരചയിതാവുമായ വിജയരാജമല്ലിക, ഛായാഗ്രാഹകൻ സുബാൽ കെ.ആർ., നിർമ്മാതാവ് രാജേഷ് കെ, എഴുത്തുകാരനും ഗാനരചയിതാവുമായ ഷംഷാദ് ഹുസൈൻ എന്നിവരാണ് പ്രാഥമിക ജഡ്‌ജിംഗ് പാനലിലെ മറ്റ് അംഗങ്ങൾ.