ജല്‍ജീവന്‍ മിഷന്; മേപ്പാടിയില്‍ ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു
മേപ്പാടി: ജല്‍ ജീവന് മിഷന് ജല ശുദ്ധീകരണ പ്ലാന്റ് നിര്‍മാണ പ്രവൃത്തികള്‍ക്ക് നത്തംകുനിയില്‍ തുടക്കം കുറിച്ച് ജല അതോറിറ്റി. ജല അതോറിറ്റി വിലക്കു വാങ്ങിയ ഒരേക്കര്‍ സ്ഥലത്താണ് പ്ലാന്റ് നിര്‍മിക്കുന്നത്. നത്തംകുനിയില്‍ നിര്‍മിച്ച പമ്പ് ഹൗസിന് സമീപത്താണ് ശുദ്ധീകരണ പ്ലാന്റ് നിര്‍മിക്കുന്നത്. പ്ലാന്റിലേക്കുള്ള റോഡ്, പ്രധാന പൈപ്പ് ലൈന്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തികളാണ് നത്തംകുനിയില്‍ ആരംഭിച്ചിച്ചത്. ദുരന്ത നിവാരണ അതോറിറ്റി അനുവദിച്ച 19.5 കോടി രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്. 150 ലക്ഷം ലിറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്കാണ് നിര്‍മിക്കുന്നത്. പണി പൂര്‍ത്തീകരിച്ച പമ്പ് ഹൗസില്‍നിന്ന് ശ്രദ്ധീകരണ പ്ലാന്റിലേക്കെത്തിക്കുന്ന വെള്ളം നെടുമ്പാലയിലെ ടാങ്കിലേക്ക് പമ്പ് ചെയ്ത് എത്തിക്കും. അവിടെനിന്ന് മേപ്പാടി ടൗണില്‍ നിര്‍മിക്കുന്ന ടാങ്കിലേക്കും നെടുങ്കരണയില്‍ നിര്‍മിക്കുന്ന മറ്റൊരു ടാങ്കിലേക്കും എത്തിച്ചായിരിക്കും മേപ്പാടി, മൂപ്പൈനാട്, വൈത്തിരി പഞ്ചായത്തുകളിലെ ഗുണഭോക്താക്കള്‍ക്ക് വെള്ളമെത്തിക്കുക. ശുദ്ധീകരണ പ്ലാന്റിന്റെ പ്രവൃത്തി വിലയിരുത്താന്‍ ജല അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷന് അസി.എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ബിനോജും സംഘവും സ്ഥലത്ത് സന്ദര്‍ശനം നടത്തി. പദ്ധതി പ്രവൃത്തി പൂര്‍ത്തീകരിച്ച് ജലവിതരണം ആരംഭിക്കാന്‍ 2026 അവസാനത്തോടെയെങ്കിലും കഴിയുമോ എന്നതാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്