സപ്ലിമെന്‍റ് കച്ചവടത്തിന് തുടക്കം കുറിച്ചത് അമേരിക്ക, വിറ്റാമിന്‍ ഗുളിക ചുമ്മാ വാരി തിന്നുന്നതിന് മുന്‍പ് ഇത് അറിയണം
വിറ്റാമിന്‍ ഗുളികകള്‍ അങ്ങനെ ചുമ്മാ കഴിക്കാനുള്ളതല്ല, ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഏതൊരു മരുന്ന് കഴിക്കുന്നതും അപകടമാണെന്ന് കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് , സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ വി ജോസഫ്.
സപ്ലിമെന്‍റുകള്‍ നല്ലതാണെന്ന സോഷ്യല്‍ മീഡിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന പ്രവണത ഇന്ന് കൂടുതലാണ് എന്നാല്‍ അത് വെറും വ്യാപാര തന്ത്രമാണെന്ന് മനസിലാക്കണമെന്ന് അദ്ദേഹം സമകാലിക മലയാളത്തോട് പറഞ്ഞു. 10 വര്‍ഷം മുന്‍പ് അമേരിക്കയിലാണ് ഇതിന് തുടക്കം കുറിച്ചത്. അമേരിക്കയില്‍ സപ്ലിമെന്‍റ് വ്യാപാരം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. അവയുടെ ഗുണങ്ങള്‍ മാത്രമാണ് പരസ്യത്തില്‍ പ്രദര്‍ശിപ്പിക്കുക. ഇത്തരം സപ്ലിമെന്‍റുകളില്‍ ഒളിഞ്ഞിരിക്കുന്ന അപകടത്തെ കുറിച്ച് അവര്‍ പറയില്ല.
വിറ്റാമിന്‍ എ പോലെ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകള്‍ അമിതമാകുന്നത് അവ കരളില്‍ അടിഞ്ഞു കൂടാനും വിറ്റാമിന്‍ ടോക്‌സിസിറ്റിക്ക് കാരണമാവുകയും ചെയ്യുന്നു. വിറ്റാമിന്‍ ഇ ഒരു പരിധിയില്‍ കൂടുതലായാല്‍ സ്‌ട്രോക്ക് വരെ വരാമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡോക്ടര്‍മാര്‍ നമ്മുടെ ആരോഗ്യ സ്ഥിതി മനസിലാക്കിയ ശേഷമാണ് ഒരോ മരുന്നും നിര്‍ദേശിക്കുന്നത്. അവ നിങ്ങള്‍ ശരീരത്തില്‍ എന്ത് ആഘാതം ഉണ്ടാക്കുമെന്നതിനെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് വ്യത്യമായ ധാരണ ഉണ്ടാകും.
സ്വയം ചികിത്സ നടത്തുമ്പോള്‍ മരുന്നുകളുടെ ഡോസുകളില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം. ഇത് അപകടം ഉണ്ടാക്കിവയ്ക്കും. മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നല്ല, എന്നാല്‍ അവയെ കുറയ്ക്കാനുള്ള പ്രതിവിധി ഡോക്ടര്‍മാര്‍ക്ക് അറിയാമെന്ന് നമ്മള്‍ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.