Feature NewsNewsPopular NewsRecent Newsഇന്ത്യ

സ്വർണം വാങ്ങാൻ ഗോൾഡ് ലോൺ; പുതിയ നിബന്ധന, ബാങ്കുകൾ 5000 രൂപ ദിവസവും നൽകേണ്ടി വരും.

ഗോള്‍ഡ് ലോണിന്റെ ചട്ടങ്ങളില്‍ ചില മാറ്റം വരുത്തി റിസര്‍വ് ബാങ്ക്. ഒക്ടോബര്‍ ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.

രണ്ട് ഘട്ടങ്ങളായിട്ടാണ് ചട്ടത്തില്‍ മാറ്റം വരുന്നത്. രണ്ടാം ഘട്ടം അടുത്ത വര്‍ഷം ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരും. സ്വര്‍ണ വായ്പ എടുക്കുമ്ബോള്‍ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നിബന്ധനകള്‍.

സ്വര്‍ണം വാങ്ങുന്നതിന് ഗോള്‍ഡ് ലോണ്‍ നല്‍കില്ല എന്ന നിബന്ധ ആര്‍ബിഐ കൊണ്ടുവന്നിട്ടുണ്ട്. ആഭരണം, നാണയം, ഇടിഎഫ് നിക്ഷേപം എന്നിവയ്ക്ക് വേണ്ടി സ്വര്‍ണം പണയം വയ്ക്കുന്നത് അനുവദിക്കില്ല. മാത്രമല്ല, അസംസ്‌കൃത സ്വര്‍ണത്തിനും വെള്ളിക്കും വായ്പ നല്‍കില്ല. ആഭരണത്തിനും കോയിനും ആയിരിക്കും വായ്പ നല്‍കുക.

അസംസ്‌കൃത സ്വര്‍ണം ഉപയോഗിക്കുന്ന എല്ലാ നിര്‍മാതാക്കള്‍ക്കും മൂലധന വായ്പ അനുവദിക്കും. നേരത്തെ ഇത് ജ്വല്ലറികള്‍ നടത്തുന്നവര്‍ക്ക് മാത്രമായിരുന്നു നല്‍കിയിരുന്നത്. 270 ദിവസത്തിനകം വായ്പ തിരിച്ചടച്ചാല്‍ മതിയാകും. 3, 4 ഗണത്തില്‍പ്പെട്ട നഗരങ്ങളിലെ സഹകരണ ബാങ്കുകള്‍ക്കും ഇനി മുതല്‍ സ്വര്‍ണ വായ്പ നല്‍കാന്‍ അനുമതിയുണ്ട്.

എത്ര തുക വായ്പ കിട്ടും

രണ്ടര ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക് ഈട് വയ്ക്കുന്ന സ്വര്‍ണത്തിന്റെ 85 ശതമാനം തുക കിട്ടും. രണ്ടര മുതല്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള വായ്പയ്ക്ക്് ഈട് നല്‍കുന്ന സ്വര്‍ണത്തിന്റെ 80 ശതമാനം തുകയാണ് കിട്ടുക. അഞ്ച് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് ഈട് നല്‍കുന്ന സ്വര്‍ണത്തിന്റെ 75 ശതമാനം തുകയാണ് കിട്ടുക.

പലിശ മാത്രം അടച്ച്‌ വായ്പ പുതുക്കുന്ന രീതി ഇനി നടക്കില്ല. വായ്പ തുകയും പലിശയും ഉള്‍പ്പെടെ തിരിച്ചടക്കേണ്ടതുണ്ട്. പലിശ മാത്രം അടച്ച്‌ സ്വര്‍ണ വായ്പ പുതുക്കുന്ന രീതി സാധാരണ കണ്ടുവരുന്നതാണ്. വായ്പ തുക തിരികെ അടച്ചാല്‍ പണയം വച്ച സ്വര്‍ണം ഏഴ് പ്രവൃത്തി ദിവസത്തിനകം മടക്കി നല്‍കണം. അല്ലെങ്കില്‍ വായ്പ തിരിച്ചടച്ച ദിവസം തന്നെ നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ ഓരോ ദിവസവും 5000 രൂപ വീതം ബാങ്ക് പിഴയായി നല്‍കേണ്ടി വരും.

തിരിച്ചടവ് മുടങ്ങിയാല്‍ എന്തു ചെയ്യും

കഴിഞ്ഞ 30 ദിവസത്തെ ശരാശരി വിലയോ തൊട്ടുമുമ്ബുള്ള ദിവസത്തെ വിലയോ ഏതാണ് കുറവ്, ആ തുകയാണ് സ്വര്‍ണത്തിന്റെ മൂല്യം കണക്കാക്കാന്‍ അടിസ്ഥാനമാക്കുക. മൂല്യം കണക്കാക്കുമ്ബോള്‍ പണിക്കൂലിയും മറ്റു അനുബന്ധ വിലയും ഉള്‍പ്പെടുത്തില്ല. ആഭരണത്തിന്മേലുള്ള കല്ലുകളുടെ മൂല്യവും ഉള്‍പ്പെടുത്തില്ല. സ്വര്‍ണം മൂല്യം കണക്കാക്കിയ രീതി, എന്തൊക്കെയാണ് പണയം വയ്ക്കുന്നത് എന്ന വിവരങ്ങള്‍, അതിന്റെ തൂക്കം, തിരിച്ചടവ് വ്യവസ്ഥകള്‍, ലേല ചട്ടം എന്നിവ വായ്പാ കരാറില്‍ പ്രാദേശിക ഭാഷയില്‍ വിശദമാക്കണം എന്നും വ്യവസ്ഥയുണ്ട്.

തിരിച്ചടവ് മുടങ്ങിയാല്‍ ബാങ്കുകള്‍ക്ക് സ്വര്‍ണം ലേലം ചെയ്യാം. ഇക്കാര്യം വായ്പ എടുത്ത വ്യക്തിയെ രേഖാമൂലം അറിയിക്കണം. സ്വര്‍ണ മൂല്യത്തിന്റെ 90 ശതമാനം തുകയാണ് ലേലത്തിന് അടിസ്ഥാനമാക്കേണ്ടത്. രണ്ട് ലേലം പരാജയപ്പെട്ടാന്‍ മൂന്നാമത്തെ ലേലത്തിന് 85 ശതമാനം തുകയാക്കി കുറയ്ക്കാം. വായ്പ എടുത്ത തുകയേക്കാള്‍ അധികം ലേലത്തില്‍ ലഭിച്ചാല്‍ മിച്ചം വരുന്ന തുക ഏഴ് ദിവസത്തിനകം ഉടമയ്ക്ക് തിരിച്ചുകൊടുക്കണം എന്നും വ്യവസ്ഥയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *