Feature NewsNewsPopular NewsRecent News

പലിശ കുറയ്ക്കാതെ റിസർവ് ബാങ്ക്, റിപ്പോ 5.5ശതമാനത്തിൽ തുടരും

ദില്ലി: റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി. റിപ്പോ നിരക്ക് 5.5% ആയി നിലനിർത്താൻ ഏകകണ്ഠമായി തീരുമാനിച്ചതായി മൂന്ന് ദിവസത്തെ എംപിസി യോഗത്തിന് ശേഷം സെൻട്രൽ ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിച്ചു. കൂടാതെ ന്യട്രൽ നിലപാട് നിലനിർത്തി. ഉപഭോക്തൃ വിലക്കയറ്റം ലഘൂകരിക്കുന്നതിനിടയിൽ, ആർബിഐ റിപ്പോ നിരക്ക് ഈ വർഷം ആദ്യം മൂന്ന് ഘട്ടങ്ങളിലായി 100 ബേസിസ് പോയിൻ്റുകൾ കുറച്ചിരുന്നു. നിലവിലെ രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതികൾ വിലയിരുത്തിയ ശേഷം ആണ് നയ പ്രഖ്യാപനം.

ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 700.2 ബില്യൺ ഡോളറിലെത്തി, ഇത് 11 മാസത്തെ ഇറക്കുമതിക്ക് പര്യാപ്‌തമാണെന്ന് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. 2026 സാമ്പത്തിക വർഷത്തിൽ പണപ്പെരുപ്പം 2.6% ആയി പ്രതീക്ഷിക്കുന്നതായും ആദ്യ പാദത്തിലും മൂന്നാം പാദത്തിലും ഇത് 1.8 ശതമാനവും നാലാം പാദത്തിൽ നാല് ശതമാനമായിരിക്കുമെന്നും ആർബിഐ ഗവർണർ പറഞ്ഞു. 2027 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദം പണപ്പെരുപ്പം 4.5 ശതമാനമായിരിക്കുമനെന്ന് ആർബിഐ ഗവർണർ പറഞ്ഞു.

സെപ്റ്റംബർ 29 ന് ആരംഭിച്ച മൂന്ന് ദിവസത്തെ മോണിറ്ററി പോളിസി കമ്മിറ്റി അവലോകനത്തിന് ശേഷമാണ് ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മാധ്യമങ്ങളെ കാണുന്നത്. ഈ വർഷത്തെ യഥാർത്ഥ ജിഡിപി വളർച്ച ഇപ്പോൾ 6.8% ആയി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രവചിച്ചിരുന്നത് 6.5% ആയിരുന്നു,

ആഗോള വ്യാപാര പിരിമുറുക്കങ്ങൾ വർദ്ധിക്കുന്നതും താരിഫ് വർദ്ധനവും പോലുള്ള കാര്യങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്. ജിഎസ്ടി ഇളവുകൾ പോലുള്ള ആഭ്യന്തര പരിഷ്കാരങ്ങളുടെ പിന്തുണയോടെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പ്രതിരോധശേഷി കാണിക്കുന്നുണ്ടെങ്കിലും, ശ്രദ്ധാപൂർവ്വമായ ഇടപെടലുകൾ അനിവാര്യമാണെന്നും ആർബിഐ ഗവർണർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *