കരൂർ ദുരന്തം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല
തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ച കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിജയയുടെ ടിവികെ പാർട്ടി നൽകിയ ഹർജി ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് പരിഗണിക്കില്ല. കരൂർ സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ അന്വേഷണത്തെ വിശ്വസിക്കുന്നില്ലെന്നും ഉൾപ്പെടെ ചൂണ്ടിക്കാട്ടിയ ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ടിവികെയുടെ ആവശ്യം. എന്നാൽ ഇന്നത്തെ പ്രത്യേക സിറ്റിംഗ് റദ്ദാക്കിയതായി ജഡ്‌ജിമാർ അറിയിക്കുകയായിരുന്നു. ഹർജി വെള്ളിയാഴ്ച അവധിക്കാല ബെഞ്ച് പരിഗണിക്കാനാണ് സാധ്യത.
മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് ഹർജി ഉച്ചയ്ക്ക് 2.30ന് പരിഗണിക്കുമെന്നായിരുന്നു ടിവികെ അഭിഭാഷകർ അറിയിച്ചിരുന്നത്. റാലിക്കിടെ വിജയ്ക്ക് നേരെ കല്ലേറുണ്ടായെന്ന് ഉൾപ്പെടെ ചൂണ്ടിക്കാട്ടിക്കൊണ്ടാണ് ടിവികെ ഗൂഢാലോചന ആരോപിച്ചിരുന്നത്. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കരൂരിൽ നിന്ന് ശനിയാഴ്ച രാത്രി തന്നെ ചെന്നൈയിലെ വീട്ടിലെത്തിയ വിജയ് ഓൺലൈൻ ആയി നേതാക്കളുടെ യോഗം വിളിക്കുകയും ഹർജി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. സംസ്ഥാന സർക്കാർ നടത്തുന്ന ഏത് അന്വേഷണവും ടിവികെയെ മാത്രം പ്രതിസ്ഥാനത്ത് നിർത്തുന്നതാകും എന്ന നിഗമനത്തിൽ ആണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിക്കാൻ പാർട്ടി തീരുമാനിച്ചത്. അപകടത്തിൽ ജനറൽ സെക്രട്ടറി എൻ ആനന്ദ് ഉൾപ്പടെ മൂന്നുപേർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിജയ്യെ പ്രതിചേർത്താലും ഉടൻ അറസ്റ്റ് ചെയ്യില്ലെന്നാണ് പുറത്തുവരുന്ന വിവരം. തങ്ങളുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന് സ്ഥാപിക്കാൻ പൊലീസ് കിണഞ്ഞു പരിശ്രമിക്കും. സംഭവത്തിൽ ആനന്ദ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾക്കെതിരെ കേസെടുത്തെങ്കിലും കോടതി നിർദേശത്തിന് പിന്നാലെയാകും അറസ്റ്റിലേക്ക് കടക്കുക. വിജയ്മെയെ പ്രതി ചേർക്കുന്നതും പതിയെ മതിയെന്നാണ് തീരുമാനം. സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണത്തിന്റെ ഭാഗമായി റിട്ടേഡ് ജസ്റ്റിസ് അരുണാ ജഗദീശൻ അപകടസ്ഥലം സന്ദർശിച്ച് ഇന്നലെ വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉടൻ തന്നെ ഈ റിപ്പോർട്ട് സർക്കാരിന് കൈമാറും.