Feature NewsNewsPopular NewsRecent NewsSports

പാകിസ്താനെ അഞ്ച് വിക്കറ്റിന് തകർത്തു; ഏഷ്യാകപ്പിൽ ഇന്ത്യക്ക് ഒൻപതാം കിരീടം

ദുബായ്: പാകിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് ഉയര്‍ത്തി ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌ സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മ്മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാകപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണ്ണായകമായി. സഞ്ജു സംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.

അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാക് പേസര്‍ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തില്‍ തിലക് സിംഗിൾ എടുത്തു. രണ്ടാം പന്തില്‍ ദുബെയും ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ദുബെ പുറത്ത്. ലോംഗ് ഓഫില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്.

അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ സിക്‌സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു. നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മ്മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങുന്നത്.

മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി. ഇത്തവണ മിഡ്ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ 20/3 എന്ന നിലയിലായി ഇന്ത്യ. പിന്നീട് സഞ്ജു-തിലക് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ സഞ്ജു കൂറ്റനടികള്‍ക്ക് ശ്രമിച്ചു. അബ്രാര്‍ അഹമ്മദിനെതിരെ അത്തരമൊരു ഷോട്ടിന് ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഫര്‍ഹാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ 12.2 ഓവറില്‍ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

നേരത്തെ കുല്‍ദീപിന് പുറമെ വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഇന്ത്യക്ക് വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മറ്റാര്‍ക്കും തിളങ്ങാന്‍ സാധിച്ചില്ല. ഗംഭീര തുടക്കമായിരുന്നു പാകിസ്ഥാന്‍. ഒന്നാം വിക്കറ്റില്‍ ഫര്‍ഹാന്‍-സമാന്‍ സഖ്യം 84 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പത്താം ഓവറില്‍ മാത്രമാണ് ഇന്ത്യക്ക് കൂട്ടുകെട്ട് പൊളിക്കാന്‍ സാധിച്ചത്. ഫര്‍ഹാനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തിയാണ് ബ്രേക്ക് ത്രൂ നല്‍കുന്നത്. തുടര്‍ന്ന് സയിം അയ്യൂബ് 14 റൺസും, സമാന്‍ 29 റണ്‍സും കൂട്ടിചേര്‍ത്തു. എന്നാല്‍ പതിമൂന്നാം ഓവറില്‍ അയ്യൂബിനെ കുല്‍പീദ് മടങ്ങി. അയ്യൂബ് മടങ്ങുമ്പോൾ 113/2 എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍.

പിന്നീട് കൂട്ട തകര്‍ച്ചയാണ് കണ്ടത്. 34 റണ്‍സുകള്‍ക്കിടെ ഒമ്പത് വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായി. അയൂബിന് പുറെ സല്‍മാന്‍ അഗ (8), ഷഹീന്‍ അഫ്രീദി (0), ഫഹീം അഷ്റഫ് (0) എന്നിവരേയും കുല്‍ദീപ് മടക്കി. അവസാന ഓവറുകളില്‍ മുഹമ്മദ് നവാസ് (6), ഹാരിസ് റൗഫ് (6) എന്നിവരെ പുറത്താക്കി ജസ്പ്രിത് ബുമ്ര ജോലി എളുപ്പമാക്കി.

Leave a Reply

Your email address will not be published. Required fields are marked *