നബാര്‍ഡ് സംഘം പുലിക്കാടില്‍ സന്ദര്‍ശനം നടത്തി
മാനന്തവാടി: നീരുറവ സംരക്ഷണ പദ്ധതി സാധ്യതാപഠനത്തിന് നബാര്‍ഡ് സംഘം എടവക പഞ്ചായത്തിലെ പുലിക്കാട് പ്രദേശം സന്ദര്‍ശിച്ചു. നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പക്കാന്‍ ആലോചിക്കുന്നതാണ് പദ്ധതി. വില്ലജ് നീര്‍ത്തട കമ്മിറ്റിയും സൊസൈറ്റിയും സംയുക്തമായി പദ്ധതി രൂപരേഖ തയാറാക്കി നബാര്‍ഡ് അംഗീകാരത്തിന് സമര്‍പ്പിച്ചിരുന്നു. ഈ സാഹചര്യത്തിലായിരുന്നു നബാര്‍ഡ് കേരള റീജിയണല്‍ ഓഫീസിലെ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ വി.എസ്. കിരണ്‍, അസിസ്റ്റന്റ് മാനേജര്‍ നിഖില്‍ സുരേഷ് ഗെയ്ക്വാദ് എന്നിവരുടെ സന്ദര്‍ശനം. സൊസൈറ്റി കണ്ടെത്തിയ 10 നീരുറവകളില്‍ അഞ്ച് എണ്ണത്തിന്റെ സാങ്കേതിക പരിശോധന നബാര്‍ഡ് സംഘം നടത്തി. നീര്‍ത്തട കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തിയ അവര്‍ രേഖകള്‍ പരിശോധിച്ചു. സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍, പ്രോഗ്രാം ഓഫീസര്‍ പി.എ. ജോസ്, എടവക പഞ്ചായത്ത് അംഗം ഷില്‍സണ്‍ മാത്യു, നീര്‍ത്തട കമ്മിറ്റി ഭാരവാഹികളായ കെ.ജെ. വര്‍ഗീസ്, പി.ജെ. സിനോജ്, സൊസൈറ്റി പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ദീപു ജോസഫ്, റോബിന് ജോസഫ് എന്നിവര്‍ സംഘത്തെ അനുഗമിച്ചു.