ടൗൺഷിപ്പിൽ അനർഹർക്ക് വീട്; അന്വേഷണത്തിന് വിജിലൻസ്
കൽപറ്റ ∙ മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിൽ അനർഹരെ ഉൾപെടുത്തിയതിൽ അന്വേഷണത്തിനു വിജിലൻസ്. ചില റവന്യു ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ദുരന്തബാധിതർ അല്ലാത്തവരെപ്പോലും ടൗൺഷിപ് ഗുണഭോക്തൃ പട്ടികയിൽ ഉൾപെടുത്തിയിട്ടുണ്ടെന്നാണു വിജിലൻസിനു ലഭിച്ച വിവരം. പ്രാഥമിക വിവരശേഖരണം നടത്തിയതായും ഡയറക്ടറേറ്റിൽനിന്ന് അനുമതി കിട്ടിയാലുടൻ വിശദമായ അന്വേഷണം നടത്തുമെന്നും വിജിലൻസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ദുരന്ത ബാധിതരല്ലാത്തവരും മറ്റിടങ്ങളിൽ സ്വന്തമായി വീടുള്ളവരും ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടു. ഒരു വീട്ടിൽ കുടുംബസമേതം താമസിച്ചിരുന്ന പലരും പിന്നീടുണ്ടാക്കിയ രേഖകളുടെ സഹായത്തോടെ ടൗൺഷിപ്പിൽ ഒന്നിലധികം വീടുകൾക്ക് അർഹത നേടിയതായും ആരോപണമുയർന്നിട്ടുണ്ട്. പുനരധിവാസ പട്ടികയിൽ ഉൾപെട്ട 105 പേർക്ക് 15 ലക്ഷം രൂപ വീതം നൽകിയതിലടക്കം സാമ്പത്തിക അഴിമതി നടന്നതായി ചൂണ്ടിക്കാട്ടി ദുരന്തബാധിതരുടെ കൂട്ടായ്മയായ ജനശബ്ദം ആക്ഷൻ കൗൺസിൽ രംഗത്തെത്തിയിരുന്നു. ദുരന്തബാധിത ലിസ്റ്റിൽ പേരില്ലാത്തവർക്കുപോലും ബത്തയായി മാസംതോറും 9000 രൂപ വീതം നൽകുന്നു. 49 പേരെക്കൂടി ഉൾപ്പെടുത്തി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പട്ടികയിൽ മാത്രം 12 അനർഹരുണ്ടെന്നും ഇനിയും 88 ദുരന്തബാധിത കുടുംബങ്ങൾ ടൗൺഷിപ് പദ്ധതിക്കു പുറത്താണെന്നും ജനശബ്ദം ഭാരവാഹികൾ പറയുന്നു.