Uncategorized

മനുഷ്യവിസർജ്യം ഇനി പാഴ് വസ്തുവല്ല, ഇനി വൈദ്യുതിമന്ത്രി എം.ബി.രാജേഷ്

കക്കൂസ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കുകയോ? അതെ, കക്കൂസ് മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉണ്ടാക്കാൻ പോകുന്നുവെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കേരളത്തിൽ, തിരുവനന്തപുരം മുട്ടത്തറ കക്കൂസ് മാലിന്യ സംസ്കരണ പ്ലാന്റ് 36 കോടി രൂപയുടെ ഒമ്നി പ്രോസസർ നിർമ്മാണപ്രവർത്തനങ്ങൾ ഇന്ന് ഉദ്ഘാടനം ചെയ്തു. ചെലവ് പൂർണമായും വഹിക്കുന്നത് ബിൽ ആൻഡ് മെലിൻഡ ഫൌണ്ടേഷനാണ്. സർക്കാരിന് ഒരു സാമ്പത്തിക ബാധ്യതയുമില്ല. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സിന്റെയും ഭാര്യയുടെയും പേരിലുള്ള ഫൌണ്ടേഷനാണ് ബിൽ ആൻഡ് മെലിൻഡ ഫൌണ്ടേഷൻ. ഇത്തരമൊരു സാധ്യത ഉയർന്നുവന്നപ്പോൾ സംസ്ഥാന സർക്കാരും ശുചിത്വമിഷനും നടത്തിയ ചടുലവും ഫലപ്രദവുമായ ഇടപെടലാണ് ഈ പദ്ധതി കേരളത്തിന് ലഭ്യമാവാൻ കാരണം. ഹൈദരാബാദ് ആയിരുന്നു ആദ്യം അവർ നിർദേശിച്ച സ്ഥലം. ശുചിത്വമിഷന് സാങ്കേതിക സഹായം നൽകുന്ന ഏജൻസിയായ വാഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് അത് നമുക്ക് കേരളത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞത്. തിരുവനന്തപുരത്ത് ഇത് സ്ഥാപിക്കാൻ തീരുമാനമായപ്പോൾ അടുത്ത വെല്ലുവിളി വന്നു, എയർപോർട്ട് അതോറിറ്റിയുടെ ക്ലിയറൻസ് ലഭിക്കുന്നതായിരുന്നു ആ വെല്ലുവിളി. തുടക്കത്തിൽ തടസങ്ങളുണ്ടായപ്പോൾ സ്ഥലം മാറ്റേണ്ടിവരുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, ഒടുവിൽ സംസ്ഥാന സർക്കാരിന്റെ നിരന്തരമായ ഇടപെടലിലൂടെ ആ തടസവും പരിഹരിച്ച് എയർപോർട്ട് അതോറിറ്റിയുടെ ക്ലിയറൻസ് നേടാനായി. അങ്ങനെയാണ് ഇപ്പോൾ നിർമ്മാണ ഉദ്ഘാടനത്തിലേക്ക് എത്തിയത്. കേരളത്തിലെ ഏറ്റവും വലിയ ദ്രവ-ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റാണ് മുട്ടത്തറയിലേത്. 107 ദശലക്ഷം ലിറ്റർ മാലിന്യമാണ് പ്രതിദിനം സംസ്കരിക്കാൻ ശേഷിയുള്ളത്, അതായത് 10.7 കോടി ലിറ്റർ. കക്കൂസ് മാലിന്യം സംസ്കരിച്ച ശേഷമുള്ള ഖരമാലിന്യമാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്നത്. ഇതിലൂടെ മുട്ടത്തറയിലെ ഈ പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ മുഴുവൻ വൈദ്യുതിയും ലഭിക്കും എന്ന് മാത്രമല്ല, അവശേഷിക്കുന്ന ഖരമാലിന്യവും പൂർണമായി ഇല്ലാതാവും. മാലിന്യസംസ്കരണ രംഗത്ത് കേരളം കൈവരിക്കുന്ന കുതിപ്പിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. അടുത്ത മാർച്ച് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയായി ഈ യൂണിറ്റിന് പ്രവർത്തനം ആരംഭിക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *