ബെംഗളൂരുവിൽ നിന്നും കോഴിക്കോട്ടേക്ക് 4 പുതിയ എസി ബസുകൾ; ശബരിമല സ്പെഷൽ ട്രെയിനുകളുടെ എണ്ണം കൂടും
ബെംഗളൂരു: ബെംഗളൂരു- കോഴിക്കോട് റൂട്ടിൽ കൂടുതൽ എസി സീറ്റർ ബസ് സർവീസ് ആരംഭിക്കാൻ കേരള ആർടിസി. കോഴിക്കോട് ഡിപ്പോയ്ക്ക് 4 പുതിയ എസി ബസുകളാണു ലഭിക്കുക. നിലവിൽ കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് 3 എസി ബസുകളാണു സർവീസ് നടത്തുന്നത്. ഇതിൽ രണ്ടെണ്ണം സ്വിഫ്റ്റും ഒരെണ്ണം കേരള ആർടിസിയുടെ ഗരുഡ പ്രീമിയവുമാണ് (നവകേരള ബസ്). കൂടാതെ മൈസൂരു വഴിയുള്ള തിരുവനന്തപുരം, കൊട്ടാരക്കര എസി സീറ്റർ കം സ്ലീപ്പർ ബസുകൾ കോഴിക്കോട് വഴി കടന്നുപോകുന്നുണ്ട്. കർണാടക ആർടിസിയും സ്വകാര്യ ബസുകളും കോഴിക്കോട്ടേക്കു കൂടുതൽ എസി സ്ലീപ്പർ ബസ് സർവീസുകൾ ആരംഭിച്ചിരുന്നു.
മണ്ഡലകാലത്തിനു രണ്ടു മാസം ബാക്കിനിൽക്കെ കർണാടകയിലെ കൂടുതൽ ഇടങ്ങളിൽ നിന്ന് കേരളത്തിലേക്കു സ്പെഷൽ ട്രെയിൻ സർവീസ് ആരംഭിക്കാൻ ദക്ഷിണ പശ്ചിമ റെയിൽവേ. ഹുബ്ബള്ളിയിൽ നിന്ന് കൊല്ലത്തേക്കുള്ള പ്രതിവാര സർവീസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. 28 മുതൽ ഡിസംബർ 29 വരെയുള്ള സ്പെഷൽ ട്രെയിൻ ബെംഗളൂരു വഴിയാണ് പോകുന്നത്. കഴിഞ്ഞ വർഷം ബെളഗാവിയിൽ നിന്ന് കൊല്ലം, കോട്ടയം എന്നിവിടങ്ങളിലേക്കു ശബരിമല സ്പെഷൽ ട്രെയിൻ സർവീസ് നടത്തിയിരുന്നു. മൈസൂരു, വിജയാപുര, ബെള്ളാരി എന്നിവിടങ്ങളിൽ നിന്നും ശബരിമല സ്പെഷൽ ട്രെയിൻ വേണമെന്ന ആവശ്യം ഉന്നയിച്ച് വിവിധ കൂട്ടായ്മകൾ ദക്ഷിണ പശ്ചിമ റെയിൽവേ സോണൽ മാനേജർമാർക്ക് നിവേദനം നൽകിയിരുന്നു.