തൊഴിലുറപ്പ് തൊഴിലാളികൾക്ക് തിരിച്ചടി;തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ വേതനം ലഭിക്കില്ല.
മലപ്പുറം: തൊഴിലുറപ്പ് പദ്ധതിയിൽ അനുവദിച്ച തൊഴിൽ ദിനങ്ങൾ അടുത്ത മാസം തീരും. കേന്ദ്രം തൊഴിൽ ദിനങ്ങൾ വർധിപ്പിച്ചില്ലെങ്കിൽ ആറ് മാസത്തെ വേതനം കേരളത്തിന് ഈ വർഷം ലഭിക്കില്ല. അടുത്ത സാമ്പത്തിക വർഷത്തെ കൂലിയിൽ കുറവും വരും. ദിവസവേതനം 369 രൂപയാണ്.
കഴിഞ്ഞ വർഷത്തിന് മുമ്പുവരെ നൽകുന്ന തൊഴിൽ ദിനത്തിന് ആനുപാതികമായി പിന്നീട് ലേബർ ബജറ്റ് ഉയർത്തി കൂലി അനുവദിക്കുമായിരുന്നു. എന്നാൽ കഴിഞ്ഞവർഷം അനുവദിച്ച തൊഴിൽ ദിനങ്ങളിൽ അധികമായി നൽകിയവയ്ക്കുള്ള കൂലി ഈ വർഷമാണ് നൽകിയത്. ഇത്തവണയും ലേബർ ബജറ്റ് ഉയർത്തിയില്ലെങ്കിൽ തൊഴിൽ ദിനങ്ങളുടെ എണ്ണം ഇടിയും.
തൊഴിൽ ദിനത്തിന് ആനുപാതികമായി ലേബർ ബജറ്റ് ഉയർത്തുന്ന പതിവാണ് ഇതോടെ തെറ്റിച്ചിരിക്കുന്നത്. തൊഴിൽ ഉറപ്പ് പദ്ധതി നിർവഹണം വിലയിരുത്താനുള്ള കേന്ദ്രമിഷന്റെ യോഗം അടുത്തയാഴ്ച നടക്കാനിരിക്കുകയാണ്. ഈ യോഗത്തിൽ ലേബർ ബജറ്റ് ഉയർത്തണമെന്ന ആവശ്യം സംസ്ഥാന പ്രതിനിധികൾ ഉയർത്തും.