തദ്ദേശ തിരഞ്ഞെടുപ്പ്: സംവരണ നറുക്കെടുപ്പ് ഒക്ടോ.13 മുതൽ 21 വരെ
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 21വരെ നടത്തുമെന്ന് സ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ വിളിച്ച ജില്ലാകളക്ടർമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്തുകളിലെ സംവരണ നറുക്കെടുപ്പ് ഒക്ടോബർ 13 മുതല്‍ 16 വരെയും,ബ്‌ളോക്ക് പഞ്ചായത്തുകളുടേത് 18നും,ജില്ലാപഞ്ചായത്തുകളിലേത് 21നും നടത്തും.മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് ഒക്ടബോർ 16നാണ്.കണ്ണൂർ,കോഴിക്കോട് കോർപറേഷനുകളില്‍ 21നും,കൊച്ചിയിലും തൃശൂരും 18നും തിരുവനന്തപുരം,കൊല്ലം കോർപറേഷനുകളില്‍ 17നുമാണ് നറുക്കെടുപ്പ്.
വരണാധികാരികള്‍ക്കും ഉപ വരണാധികാരികള്‍ക്കുമുള്ള പരിശീലനം ഒക്ടോബർ 7 മുതല്‍ 10 വരെ നടക്കും.സംവരണ നടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് സെപ്തംബർ 26ന് ഓണ്‍ലൈനായി പരിശീലനം നല്‍കും.ജില്ലാതല ഉദ്യോഗസ്ഥർക്ക് 25 നും ജില്ലാതല മാസ്റ്റർ ട്രെയിനർമാർക്ക് 29,30 തീയതികളിലും കമ്മിഷൻ തിരുവനന്തപുരത്ത് പരിശീലനം നല്‍കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവര ശേഖരണം നടത്തുന്നതിനായി, ഒക്ടോബർ 3 മുതല്‍ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ച് ഉത്തരവിറക്കാൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ട്.