റവന്യു ഭൂമിയിലെ അനധികൃത ഈട്ടിമുറി: ഡിഎഫ്ഒയുടെ ഹര്‍ജിയില്‍ തീര്‍പ്പ് വൈകുന്നു
കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതെന്നു കണ്ടെത്തി പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡിഎഫ്ഒ സമർപ്പിച്ച ഹർജിയില്‍ തീർപ്പ് വൈകുന്നു.ഏറ്റവും ഒടുവില്‍ കഴിഞ്ഞ 20ന് അഡീഷണല്‍ ജില്ലാ കോടതി ഹർജി പരിഗണിച്ചെങ്കിലും ഒക്ടോബർ 18ലേക്ക് മാറ്റി.മുട്ടില്‍ സൗത്ത് വില്ലേജില്‍ അനധികൃതമായി മുറിച്ചതില്‍ 231 ക്യുബിക് മീറ്റർ ഈട്ടി 2021 ജൂണിലാണ് വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. തടികള്‍ വെയിലും മഴയുമേറ്റ് നശിക്കുന്ന സാഹചര്യത്തിലാണ് ലേലം ചെയ്യുന്നതിന് അനുമതിക്ക് 2023 അവസാനത്തോടെ ഡിഎഫ്ഒ ഹർജി സമർപ്പിച്ചത്.ഇതിനകം നിരവധി തവണ കേസ് വിളിച്ചെങ്കിലും മാറ്റുകയായിരുന്നു. തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളില്‍ ചിലർ സമർപ്പിച്ച ഹർജിയും തീർപ്പായിട്ടില്ല.തടികള്‍ ലേലം ചെയ്ത് തുക ഖജനാവില്‍ സൂക്ഷിച്ചാല്‍ അവ നശിക്കുന്നതുമൂലമുള്ള നഷ്ടത്തിന്റെ തോത് കുറയ്ക്കാൻ കഴിയും. ഇക്കാര്യം ഗൗരവത്തോടെ കാണാനും ഹർജിയില്‍ അനുകൂല വിധി സന്പാദിക്കാനും വനം വകുപ്പ് ശുഷ്കാന്തി കാട്ടുന്നില്ലെന്ന ആക്ഷേപം വിവിധ കോണുകളില്‍ ഉയരുന്നുണ്ട്.വനം വകുപ്പ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന തടികള്‍ മരക്കച്ചവടക്കാരായ തങ്ങള്‍ ഭൂവുടമകളില്‍നിന്നു വിലയ്ക്കുവാങ്ങിയതാണെന്ന വാദം മുട്ടില്‍ മരംമുറിക്കേസിലെ പ്രതികള്‍ കോടതിയില്‍ ഉന്നയിച്ചപ്പോള്‍ ഡിഎഫ്ഒ എതിർത്തിരുന്നില്ല. മുറിച്ച മരങ്ങളുടെ പ്രായം നിർണയിച്ച സർട്ടിഫിക്കറ്റ് ഹാജരാക്കാൻ അനുവദിക്കണമെന്ന ഡിഎഫ്ഒയുടെ ഹർജി കഴിഞ്ഞ ജൂണില്‍ കോടതി തള്ളിയിരുന്നു.കോടിക്കണക്കിനു രൂപ വിലമതിക്കുന്ന തടികളുടെ സംരക്ഷണത്തിന് 2023 ജനുവരി ആറിന് ജില്ലാ കോടതി നല്കിയ നിർദേശങ്ങള്‍ വനംവകുപ്പ് പാലിച്ചിട്ടില്ല. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈർപ്പമോ തട്ടാതെ കേസ് തീർപ്പാകുന്നതുവരെ സൂക്ഷിക്കണമെന്നായിരുന്നു കോടതി നിർദേശം.ഉത്തരവ് തീയതി മുതല്‍ ഒരു മാസത്തിനകം തടികളുടെ സംരക്ഷണം ഉറപ്പുവരുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു. തടികളുടെ സംരക്ഷണത്തിനു തക്കതായ നടപടികള്‍ സ്വീകരിക്കാതെയാണ് ലേലത്തിനു അനുമതി തേടി സൗത്ത് വയനാട് ഡിഎഫ്ഒ കോടതിയെ സമീപിച്ചത്.നിലവിലെ ചീഫ് സെക്രട്ടറി ഡോ.എ. ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യു പട്ടയഭൂമികളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. നിയമവിരുദ്ധമായി മരങ്ങള്‍ മുറിച്ചതിനെതിരായ കെഎല്‍സി നടപടികളും മന്ദഗതിയിലാണ്.