തദേശ തെരഞ്ഞെടുപ്പ് തീരും വരെ കേരളത്തിലെ SIR നീട്ടണം; ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടികയിലെ തീവ്രപരിഷ്‌കരണം തദേശ തെരഞ്ഞെടുപ്പ് തീരും വരെ നീട്ടണമെന്ന് ആവശ്യം ഉന്നയിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സർവ്വ കക്ഷി യോഗത്തിൽ പ്രധാന പാർട്ടികൾ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് നിർദേശം.
ബിഹാറിന് പിന്നാലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും തീവ്രപരിഷ്കരണം നടപ്പിലാക്കണമെന്ന തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുത്തിരുന്നു. അതിൻ്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ
ഡൽഹിയിലേക്ക് വിളിപ്പിച്ച് യോഗം കൂടിയതിന് ശേഷം ഇതുമായി ബന്ധപ്പെട്ട നടപടിയിലേക്ക് കടക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കേരളത്തിൽ പാലക്കാട് അട്ടപ്പാടിയിലാണ് തീവ്രപരിഷ്കരണവുമായി ബന്ധപ്പെട്ട ആദ്യ നടപടികൾ തുടങ്ങി വെച്ചത്.
പാലക്കാട്ടെ എസ്ഐആർ നടപടികൾ അതിവേഗത്തിലാണ് മുന്നോട്ട് പോയത്. രണ്ട് ദിവസത്തിനകം വോട്ടർ പട്ടികയുടെ താരതമ്യം പൂർത്തിയാക്കാൻ ജില്ലാ കലക്‌ടർ ബിഎൽഒമാർക്ക് നിർദേശം നൽകിയിരുന്നു. 2002 ലെയും 2025 ലെയും വോട്ടർ പട്ടിക താരതമ്യം ചെയ്‌ത് കലക്ടറെ വിവരം അറിയിക്കാനാണ് നിർദേശമുണ്ടായിരുന്നത്.