Feature NewsNewsPopular NewsRecent NewsSports

അഭിഷേകും ഗില്ലും താണ്ഡവമാടി ; സൂപ്പർ ഫോറിലും പാകിസ്താൻ തരിപ്പണം, ഇന്ത്യക്ക് മിന്നുംജയം

ദുബായ് : ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെ വീണ്ടും തകര്‍ത്തെറിഞ്ഞ് ടീം ഇന്ത്യ. സൂപ്പര്‍ ഫോറിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ ആറു വിക്കറ്റിനാണ് സൂര്യകുമാര്‍ യാദവും സംഘവും പാക് ടീമിനെ വാരിക്കളഞ്ഞത്. ബൗളിങിലും ഫീല്‍ഡിങിസുമെല്ലാം വരുത്തിയ ചില പിഴവുകള്‍ക്കു ബാറ്റിങ് കരുത്തിലൂടെയാണ് മെന്‍ ഇന്‍ ബ്ലൂ പ്രായശ്ചിത്തം ചെയ്തത്.

പാക് ടീം നല്‍കിയ 172 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യയെ കുഴപ്പത്തിലാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അഭിഷേക് ശര്‍മ- ശുഭ്മന്‍ ഗില്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ വെറും 9.5 ഓവറില്‍ വെടിക്കെട്ട് ബാറ്റിങുമായി 105 റണ്‍സിന്റെ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയതോടെ കളിയും ജയവും ഇന്ത്യ വരുതിയിലാക്കി.

18.5 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ വിജയറണ്‍സും കുറിച്ചു. 39 ബോളില്‍ ആറു ഫോറും അഞ്ചു സിക്‌സറുമുള്‍പ്പെട്ടതാണ് അഭിഷേകിന്റെ ഇന്നിങ്‌സ്. ഗില്‍ 28 ബോളില്‍ എട്ടു ഫോറുകളടക്കം 47 റണ്‍സെടുത്തു മടങ്ങി.

ക്യാപ്റ്റ്ന്‍ സൂര്യകുമാര്‍ യാദവ് (0), സഞ്ജു സാംസണ്‍ (13) എന്നിവര്‍ ഫ്‌ളോപ്പായെങ്കിലും തിലക് വര്‍മ (30) ഹാര്‍ദിക് പാണ്ഡ്യ (7) എന്നിവര്‍ ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കുകയായിരുന്നു. ഈ ജയത്തോടെ ഫൈനലിലേക്കു ഒരു ചുവടു വച്ചിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാര്‍. ബുധനാഴ്ച ബംഗ്ലാദേശുമായുള്ള അടുത്ത മല്‍സരം ജയിച്ചാല്‍ ഇന്ത്യക്കു ഫൈനലുറപ്പിക്കാം.

നേരത്തെ നിശ്ചിത 20 ഓവറില്‍ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. പാകിസ്താനായി സഹിബ്സാദ ഫർഹാൻ അർധസെഞ്ചുറി തികച്ചു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ പന്തില്‍ തന്നെ സികസ്ടിച്ചാണ് തുടങ്ങിയത്. ഷഹീൻ അഫ്രീദിയെ അഭിഷേക് ശർമയാണ് അതിർത്തി കടത്തിയത്. പിന്നീട് സ്റ്റേഡിയത്തില്‍ കണ്ടത് ഇന്ത്യൻ ഓപ്പണർമാരുടെ താണ്ഡവമായിരുന്നു. അഭിഷേകും ശുഭ്മാൻ ഗില്ലും പാക് ബൗളർമാരെ നിലംതൊടീച്ചില്ല.

ആറോവറില്‍ 69 റണ്‍സാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. എട്ടാം ഓവറില്‍ അഭിഷേക് അർധസെഞ്ചുറി തികച്ചു. അഭിഷേകിനൊപ്പം ഗില്ലും കത്തിക്കയറിയതോടെ ഇന്ത്യ ഒമ്ബതാം ഓവറില്‍ തന്നെ നൂറുകടന്നു. എന്നാല്‍ പത്താം ഓവറില്‍ പാകിസ്താന് ബ്രേക്ക് ത്രൂ കിട്ടി. ഫഹീം അഷ്റഫ് ഗില്ലിനെ ബൗള്‍ഡാക്കി. 28 പന്തില്‍ നിന്ന് 47 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. പിന്നാലെ നായകൻ സൂര്യകുമാർ യാദവും പുറത്തായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ പതിയെ ആണ് തുടങ്ങിയത്. മൂന്ന് ഗ്രൂപ്പ് മത്സരങ്ങളിലും ഡക്കായി മടങ്ങിയ സയിം അയൂബ് ഇത്തവണ ഇന്നിങ്സ് ഓപ്പണ്‍ ചെയ്തില്ല. പകരം ഫഖർ സമാനാണ് ഓപ്പണറായെത്തിയത്. പാകിസ്താന് ആദ്യം നഷ്ടമായതും ഫഖർ സമാന്റെ വിക്കറ്റാണ്. ഒമ്ബത് പന്തില്‍ നിന്ന് താരം 15 റണ്‍സെടുത്തു. ഹാർദിക് പാണ്ഡ്യയുടെ പന്തില്‍ സഞ്ജുവിന്റെ കൈകളില്‍ ഫഖറിന്റെ ഇന്നിങ്സ് അവസാനിച്ചു. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച സഹിബ്സാദ ഫർഹാനും സയിം അയൂബും പിന്നീട് ടീമിനെ കരകയറ്റുന്നതാണ് കണ്ടത്. ആദ്യം ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റിങ് ആരംഭിച്ചത്. ആറോവറില്‍ 55-1 എന്ന നിലയിലായിരുന്നു പാകിസ്താൻ. പിന്നീട് ഫർഹാനും സയിം അയൂബും ഇന്ത്യൻ ബൗളർമാരെ തകർത്തടിക്കാൻ തുടങ്ങി. അതിനിടെ മൂന്ന് തവണ ഇന്ത്യ പാക് ബാറ്റർമാരുടെ ക്യാച്ച്‌ വിട്ടുകളഞ്ഞു.

പാക് നിരയില്‍ ഫർഹാനായിരുന്നു കൂടുതല്‍ അപകടകാരി. ഇന്ത്യൻ ബൗളർമാർ മാറിമാറിയെറിഞ്ഞെങ്കിലും ഫർഹാൻ ശ്രദ്ധയോടെ നേരിട്ടു. പിന്നാലെ അർധസെഞ്ചുറിയും തികച്ചു. 34 പന്തിലാണ് താരത്തിന്റെ അർധസെഞ്ചുറി. പത്തോവർ അവസാനിക്കുമ്ബോള്‍ 91-1 എന്ന നിലയിലായിരുന്നു പാകിസ്താൻ.

പിന്നാലെ 21 റണ്‍സെടുത്ത സയിം അയൂബിനെ ശിവം ദുബെ പുറത്താക്കി. പിന്നീട് കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ തിരിച്ചടിക്കുന്നതാണ് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ കണ്ടത്. ഹുസ്സൈൻ താലത്തും(10) ഫർഹാനും പിന്നാലെ കൂടാരം കയറി. 45 പന്തില്‍ നിന്ന് 58 റണ്‍സെടുത്താണ് ഫർഹാൻ പുറത്തായത്. അതോടെ പാകിസ്താൻ പ്രതിരോധത്തിലായി.

അഞ്ചാം വിക്കറ്റില്‍ നായകൻ സല്‍മാൻ ആഗയും മുഹമ്മദ് നവാസും ചേർന്നാണ് പിന്നീട് പാകിസ്താനായി രക്ഷാപ്രവർത്തനം നടത്തിയത്. അവസാന ഓവറുകളില്‍ ഇരുവരും റണ്‍സ് കണ്ടെത്തി. 21 റണ്‍സെടുത്ത നവാസിനെ സൂര്യ തന്ത്രപരമായി റണ്ണൗട്ടാക്കി. നിശ്ചിത 20 ഓവറില്‍ പാകിസ്താൻ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. ആഗയും (17) ഫഹീം അഷ്റഫും(20) പുറത്താവാതെ നിന്നു. ഇന്ത്യക്കായി ശിവം ദുബെ രണ്ട് വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *