Event More NewsFeature NewsNewsPoliticsPopular NewsRecent News

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കണമെന്ന് മന്ത്രി കേളു

പനമരം–ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോൺഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദ്ദേശം നൽകിയത്.
നബാർഡ് ധനസഹായമായ 10 കോടി രൂപയാണ് ചെറുപുഴ പാലം നിർമ്മാണത്തിന് വകയിരുത്തിയത്. 44 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ള പാലത്തിൽ 7.5 മീറ്റർ ടാറിങ് ഭാഗവും ഇരുവശങ്ങളിൽ നടപ്പാതയും ഉണ്ടായിരിക്കും.
രണ്ട് ചുറ്റുമതിൽ കിണർ രൂപത്തിലുള്ള അടിത്തറയോട് കൂടിയും മദ്ധ്യത്തിൽ പിയർ ഓപ്പൺ അടിത്തറയോട് കൂടിയുമാണ് നിർമ്മാണം. സ്ലാബ് പ്രവൃത്തി പൂർത്തിയായി. ഹാൻഡ് റെയിൽ സ്ഥാപിക്കൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
പാലത്തിന്റെ ഇരുവശങ്ങളിലും- ബീനാച്ചി ഭാഗത്തേക്കും പനമരം ഭാഗത്തേക്കും- 100 മീറ്റർ വീതം അപ്രോച്ച് റോഡ് ഉൾപ്പെടുത്തി നിർമ്മാണം നടക്കുന്നു. ഇതിനോടൊപ്പം കോൺക്രീറ്റ് ഭിത്തി, ഗാബ്യോൺ മതിൽ, ഡിആർ (ഡ്രൈ റബ്ബിൾ) സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു.

പനമരം–ബീനാച്ചി റോഡിൽ വർഷങ്ങൾക്കുമുമ്പ് നിർമ്മിച്ച ചെറുപുഴ പാലം തകർച്ച നേരിട്ടതിനെ തുടർന്ന്, പുതിയ പാലം നിർമ്മിക്കാൻ മാനന്തവാടി നിയോജകമണ്ഡലം എംഎൽഎ ആയ ഒ ആർ കേളു സർക്കാരിൽ പദ്ധതി തുക അനുവദിക്കുന്നതിന് ഇടപെടലുകൾ നടത്തുകയും സർക്കാർ നബാർഡ് ധനസഹായം അനുവദിക്കുകയും ചെയ്തതോടെയാണ് പാലം യാഥാർഥ്യമാകുന്നത്.

പാലം തകർച്ചാ ഭീഷണിയെ തുടർന്ന് വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മഴ ശക്തമായപ്പോൾ ഗതാഗതം പൂർണ്ണമായി നിർത്തിവെച്ച് മീനങ്ങാടി വഴി തിരിച്ചു വിടുകയും ചെയ്തു. പുതിയ പാലം പൂർത്തിയാകുന്നതോടെ പനമരം, നടവയൽ, കേണിച്ചിറ, സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാകും.

ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് മുമ്പ് വെള്ളം കയറി മൂടുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിലും, പുതിയ പാലം നിർമ്മാണത്തിൽ റോഡ് ഉയർത്തിപ്പണിയുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും.
പനമരം-ബീനാച്ചി റോഡിന്റെ നിർമ്മാണവും ഇതോടൊപ്പം പുരോഗമിക്കുന്നുണ്ട്.

മാനന്തവാടി, സുൽത്താൻ ബത്തേരി താലൂക്കുകളുടെ സമഗ്ര വികസനം ഈ പദ്ധതികളുടെ പൂർത്തീകരണത്തോടെ സാധ്യമാകും

Leave a Reply

Your email address will not be published. Required fields are marked *