Feature NewsNewsPopular NewsRecent Newsകേരളം

തിരു.മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്കാലിക പരിഹാരം; ഉപകരണങ്ങൾ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്‌കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങൾ വാങ്ങി നൽകി. ശസ്ത്രക്രിയയ്ക്കുള്ള അഡ്‌മിഷൻ പുനരാരംഭിച്ചു.

കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗത്തിൽ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങൾ സംഭാവന നല്കി. ലക്ഷ്മി ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാർട്ട് എന്ന വിതരണക്കമ്പനിയിൽ നിന്നും ഇന്ന് ഉപകരണങ്ങൾ എത്തിക്കും. ഇതോടെ ശസ്ത്രക്രിയയ്ക്ക് വേണ്ടി രോഗികളെ വീണ്ടും അഡ്‌മിറ്റ്‌ ചെയ്‌തു തുടങ്ങി.

വൃക്കയിലെ കല്ല് നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഉപകരണത്തിനാണ് ക്ഷാമം നേരിട്ടത്. ചെന്നൈയിലെ കമ്പനിയുമായി ദീർഘ കാല കരാറിൽ ഏർപ്പെടാനും ആലോചിക്കുന്നുണ്ട്. ശസ്ത്രക്രിയ ഉപകരണം രോഗികളിൽ നിന്ന് പിരിവിട്ട് വാങ്ങുന്നതായി വകുപ്പ് മേധാവി ഡോക്ടർ ഹാരിസ് ഹസൻ വെളിപ്പെടുത്തിയിരുന്നു. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തിയപ്പോൾ രോഗികളിൽ നിന്ന് പിരിവ് പാടില്ലെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി. ഇതിന് പിന്നാലെ ശസ്ത്രക്രിയകളും അഡ്‌മിഷൻ താൽക്കാലികമായി നിർത്തിവെച്ചത്. കാർഡിയോളജി വിഭാഗത്തിൽ ഹൃദയശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങളും എത്തിച്ചു. 29 കോടി നൽകാൻ ഉള്ളതിനാൽ സ്ഥിരം വിതരണ കമ്പനികൾ സെപ്റ്റംബർ ഒന്നു മുതൽ ഉപകരണ വിതരണം നിർത്തിവച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *