അപ്പോളോ ടയേഴ്സ് ഇന്ത്യൻ ടീമിൻറെ പുതിയ ജഴ്സി സ്പോൺസർ
അപ്പോളോ ടയേഴ്സ് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ പുതിയ ജഴ്സി സ്പോൺസർ. ഡ്രീം ഇലവനുമായുള്ള കരാർ റദ്ദാക്കിയതിന് പിന്നാലെയാണ് പുതിയ സ്പോൺസറെ തീരുമാനിച്ചത്. ഓരോ മത്സരത്തിനും നാലരക്കോടി രൂപ വീതം അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നൽകും. Dream 11 നാലു കോടി രൂപയായിരുന്നു നൽകിയിരുന്നത്. 2027 വരെയാണ് കരാർ.
ഈ കാലയളവിൽ ഏകദേശം 130 മത്സരങ്ങൾ ഉൾപ്പെടും. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകപ്പിൽ ഇന്ത്യൻ ടീമിന് സ്പോൺസർമാരില്ല. കാൻവ, ജെകെ ടയർ എന്നീ കമ്പനികളും ലേലത്തിൽ പങ്കെടുത്തതായാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ പതിനാറിനായിരുന്നു ലേലം. പണം വച്ചുള്ള ഓൺലൈൻ ഗെയിമുകൾ നിരോധിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സ്പോൺസർഷിപ്പിൽ നിന്നും ഡ്രീം ഇലവൻ ഒഴിഞ്ഞിരുന്നു.
2023 ൽ ബൈജൂസ് ആപ്പിന് ശേഷമാണ് ഡ്രീം ഇലവൻ മൂന്നു വർഷത്തേക്ക് ബിസിസിഐയുമായി കരാറിലെത്തുന്നത്. 2002 മുതൽ 2013 വരെ നീണ്ട 12 വർഷമാണ് സഹാറ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്പോൺസർ ചെയ്‌തത്. പിന്നീട് റെഗുലേറ്ററി ലംഘനങ്ങളുടെ പേരിൽ സഹാറയ്ക്ക് സെബിയുടെ നടപടി നേരിടേണ്ടി വന്നു. ഇതിന് ശേഷം സ്റ്റാർ ഇന്ത്യയായിരുന്നു ഇന്ത്യയുടെ സ്പോൺസർ.