പൊലീസ് കസ്റ്റഡി മർദനം: അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: പൊലീസ് മർദനം സഭനിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. റോജി.എം. ജോണാണ് നോട്ടീസ് നൽകിയത്. കുറ്റക്കാരെ സർവീസിൽ നിന്ന് പിരിച്ചുവിടാനുള്ള നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് നോട്ടീസിൽ പറയുന്നു.
മുഖ്യമന്ത്രിയാണ് വിഷയത്തിൽ മറുപടി നൽകേണ്ടത്. ഏറ്റവും കൂടുതൽ ആരോപണങ്ങൾ ഉയർന്നുവന്നത് ആഭ്യാന്തരവകുപ്പിനെതിരെയാണ്. ഉച്ചക്ക് 12മണിക്ക് കസ്റ്റഡി മർദനം സഭയിൽ ചർച്ചചെയ്യും.
കസ്റ്റഡി മർദനം മാധ്യമങ്ങൾ പലതവണ സമയം മാറ്റിവെച്ച് ചർച്ചചെയ്ത വിഷയമാണ്. കൂടാതെ പൊതുസമൂഹവും ഈ വിഷയം ചർച്ച ചെയ്തിട്ടുണ്ട്. അതിനാൽ നമുക്കും ചർച്ചചെയ്യാം എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കസ്റ്റഡി മർദനം സഭയിൽ ചർച്ചചെയ്യാമെന്ന് പറഞ്ഞത്. സഭ നിർത്തി വെച്ച് രണ്ടുമണിക്കൂർ ചർച്ചചെയ്യാനാണ് തീരുമാനം. കഴിഞ്ഞ സർക്കാരുകളുടെ കാലത്തുണ്ടായ ലോക്കപ്പ് മർദനവും സഭയിൽ ചർച്ചയാകുമെന്നാണ് സൂചന.