യുപിഐ ഇടപാട് പരിധി പത്തുലക്ഷം, ഇന്ന് മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയർത്തിയ നാഷണൽ പേയ്മെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ നടപടി ഇന്ന് മുതൽ പ്രാബല്യത്തിൽ. ഉയർന്ന മൂല്യമുള്ള ഇടപാടുകൾ അനായാസം ചെയ്യുന്നതിന് നാഷണൽ പേയ്മെന്റ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ചട്ടത്തിൽ മാറ്റം വരുത്തുകയായിരുന്നു.
നികുതി പേയ്മെൻ്റ്, ഇൻഷുറൻസ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങൾക്കായാണ് പരിധി ഉയർത്തിയത്. ഇത്തരം ഇടപാടുകൾക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാൻ സാധിക്കും. പേഴ്സൺ ടു മർച്ചന്റ് പേയ്മെൻ്റുകൾക്കാണ് (P2M) ഇതിന്റെ പ്രയോജനം ലഭിക്കുക. ഒരു വ്യക്തി മറ്റൊരു വ്യക്തിക്ക് കൈമാറുന്ന പേഴ്സൺ ടു പേഴ്സൺ (P2P) ഇടപാട് പരിധി പഴയതുപോലെ ഒരു ദിവസം ഒരു ലക്ഷം എന്നതിൽ മാറ്റമില്ല.
മൂലധന വിപണി നിക്ഷേപങ്ങൾക്കും ഇൻഷുറൻസ് പേയ്മെൻ്റുകൾക്കും ഓരോ ഇടപാടിനും ഉണ്ടായിരുന്ന രണ്ടു ലക്ഷം എന്ന പരിധി അഞ്ചു ലക്ഷമായി ഉയർത്തി. എന്നാൽ മൊത്തത്തിൽ 24 മണിക്കൂറിനുള്ളിൽ പരമാവധി 10 ലക്ഷം രൂപ വരെ ഇത്തരത്തിൽ കൈമാറാൻ അനുവദിക്കുന്നതാണ് പുതിയ ചട്ടം. അതേപോലെ, മുൻകൂർ പണ നിക്ഷേപങ്ങളും നികുതി പേയ്മെന്റുകളും ഉൾപ്പെടെയുള്ള സർക്കാർ ഇ-മാർക്കറ്റ് പ്ലസ് ഇടപാടുകളുടെ പരിധിയും ഉയർത്തി. ഓരോ ഇടപാടിനും ഒരു ലക്ഷം എന്ന പരിധി
അഞ്ചു ലക്ഷമാക്കിയാണ് ഉയർത്തിയത്.
ട്രാവൽ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയിൽ നിന്ന് അഞ്ചുലക്ഷമാക്കി ഉയർത്തി. എന്നാൽ ഇത്തരത്തിൽ ഒരു ദിവസം മൊത്തത്തിൽ ചെയ്യാവുന്ന ഇടപാട് പരിധി പത്തുലക്ഷമാണ്. ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റു്റുകൾ ഇപ്പോൾ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. എന്നിരുന്നാലും മൊത്തത്തിലുള്ള പ്രതിദിന പരിധി 6 ലക്ഷമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
വായ്പ്പ, ഇഎംഐ കളക്ഷനുകൾക്ക്, പരിധി ഇപ്പോൾ ഓരോ ഇടപാടിനും 5 ലക്ഷവും പ്രതിദിനം 10 ലക്ഷവുമാണ്. അതേസമയം ആഭരണം വാങ്ങലുകളിൽ ഒരു ഇടപാടിന് 1 ലക്ഷത്തിൽ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും നേരിയ വർധന വരുത്തിയിടുണ്ട്.
ബാങ്കിംഗ് സേവനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. മുമ്പത്തെ 2 ലക്ഷവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡിജിറ്റൽ ഓൺബോർഡിങ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി അഞ്ചു ലക്ഷമാക്കി ഉയർത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാൽ ഒരു ദിവസം മൊത്തത്തിൽ കൈമാറാൻ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്. ഡിജിറ്റൽ അക്കൗണ്ട് തുറക്കൽ മാറ്റമില്ലാതെ തുടരുന്നു. രണ്ടു ലക്ഷം രൂപയാണ് പരിധി.