സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് സാഹിത്യോത്സവം; പുതിയ പദ്ധതി പ്രഖ്യാപിച്ച് മന്ത്രി ശിവൻകുട്ടി
*തിരുവനന്തപുരം:* സംസ്ഥാനത്ത് കുട്ടികള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരിൽ ഈ അധ്യയനവര്‍ഷം മുതൽ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 18,19 തീയതികളിൽ തിരുവനന്തപുരത്തായിരിക്കും അക്ഷരക്കൂട്ട് എന്ന പേരിൽ സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. അക്ഷരക്കൂട്ട് എന്ന പേരിൽ നടത്തുന്ന കുട്ടികളുടെ സാഹിത്യോത്സവത്തിൽ സാഹിത്യ ശിൽപ്പശാലയും നടക്കും. സാഹിത്യോത്സവത്തിൽ കുട്ടികളെഴുതിയ പുസ്തകങ്ങളുടെ പ്രദർശനം ഉണ്ടാകും. കുട്ടികൾക്ക് താമസ സൗകര്യം ഒരുക്കും. സാഹിത്യത്തോട് താല്പര്യം ഉള്ളവർക്ക് പങ്കെടുക്കാം. ഓൺലൈനായി രജിസ്റ്റർ ചെയ്യാനുള്ള സൗകര്യമുണ്ടാകും. തിങ്കളാഴ്ച മുതൽ പോർട്ടൽ വഴി ഇതിനായി രജിസ്റ്റർ ചെയ്യാം. തിരുവനന്തപുരത്തെ മൂന്നു വേദികളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത വർഷം മുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കാൻ ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കുട്ടികളുടെ പുസ്തകം പ്രസാധകരെ കൊണ്ട് പ്രിന്‍റ് ചെയ്ത് മറ്റു സ്കൂളുകളിലേക്ക് എത്തിക്കും.