Event More NewsFeature NewsNewsPoliticsPopular NewsRecent News

പൊലീസിന്റെ ചെലവായി 56.45 ലക്ഷം വയനാട് ഫണ്ടിൽനിന്ന് എഴുതിയെടുത്തു

തിരുവനന്തപുരം ∙ മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയതിന്റെ ബിൽ വ്യോമസേന അയച്ചതിനെ കോടതിയിലടക്കം എതിർത്ത സംസ്ഥാന സർക്കാർ ‘പൊലീസിന്റെ രക്ഷാപ്രവർത്തനം’ എന്ന പേരിൽ 56.45 ലക്ഷം രൂപ എഴുതിയെടുത്തു. സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽനിന്നു തുക ഈടാക്കാൻ ഏപ്രിലിലാണ് ഉത്തരവിട്ടത്.

പുനരധിവാസ ടൗൺഷിപ് പദ്ധതിക്കു കല്ലിട്ടതിനു തൊട്ടുപിന്നാലെ പൊലീസിനുള്ള തുക ഈടാക്കാൻ മുഖ്യമന്ത്രിക്കു കീഴിലെ ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെന്നാണ് വ്യക്തമാകുന്നത്. വയനാട് പുനരധിവാസത്തിനായി ചെലവിടേണ്ട വിഹിതത്തിൽനിന്നാണ് പൊലീസിനുള്ള പണവും നൽകേണ്ടിവരിക. തുക വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അക്കൗണ്ടിലേക്കു കൈമാറാനാണു നിർദേശിച്ചതെങ്കിലും ഉത്തരവിൽ അക്കൗണ്ട് നമ്പർ തെറ്റായി രേഖപ്പെടുത്തിയതു വിനയായി. കഴിഞ്ഞദിവസം കൃത്യമായ അക്കൗണ്ട് നമ്പറോടെ പുതിയ ഉത്തരവിറക്കി.

വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ രക്ഷാപ്രവർത്തനത്തിനു 13.65 കോടി രൂപയുടെ ബിൽ വ്യോമസേന നൽകിയപ്പോഴായിരുന്നു കേരളത്തിന്റെ എതി‍ർപ്പ്. 2006 മുതൽ വയനാട് ജില്ലയിലെ ഉരുൾപൊട്ടൽ ദുരിതാശ്വാസം വരെയുള്ള പ്രവർത്തനങ്ങൾക്കായി ആകെ 132 കോടി രൂപ കേരളം നൽകണമെന്നായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. ഈ തുക പിന്നീടു തിരിച്ചുതരുമെന്നും പറഞ്ഞു. ഒടുവിൽ ഹൈക്കോടതി ഇടപെടലിൽ നേരത്തേയുള്ള കുടിശികയായ 120 കോടി രൂപ തൽക്കാലം അടയ്ക്കേണ്ടെന്നു കേന്ദ്രസർക്കാർ അറിയിച്ചു. ഈ തുക ദുരന്തപ്രതികരണ നിധിയിൽനിന്നു വയനാടിനു വേണ്ടി ചെലവിടാൻ ഹൈക്കോടതി സംസ്ഥാനത്തിന് അനുവാദവും നൽകിയിരുന്നെങ്കിലും ആ തുകയും പൂർണമായി അവിടെ വിനിയോഗിച്ചിട്ടില്ലെന്നാണു വിവരം

Leave a Reply

Your email address will not be published. Required fields are marked *