റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരും;നിലപാട് വ്യക്തമാക്കി ധനമന്ത്രി നിർമല സീതാരാമൻ
ഡൽഹി:റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. തീരുമാനം ദേശീയ താത്പര്യം മുൻനിർത്തിയാണെന്ന് ധനമന്ത്രി ഊന്നിപ്പറഞ്ഞു.
റഷ്യൻ എണ്ണയായാലും മറ്റ് എന്തായാലും നമ്മുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ സ്ഥലത്ത് നിന്ന് വാങ്ങും. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ധനമന്ത്രി പറഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യ അതിന്റെ സാമ്പത്തിക താൽപ്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കുമെന്നും നിർമല സീതാരാമൻ പറഞ്ഞു.
ഇന്ത്യയ്ക്കെതിരെയുള്ള തീരുവ യുക്രൈനിൽ സമാധാനം പുനഃസ്ഥാപിക്കാനെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് പറഞ്ഞിരുന്നു തീരുവ നിയമവിരുദ്ധമെന്ന ഫെഡറൽ കോടതി വിധിക്കെതിരെ സമർപ്പിച്ച അപ്പീലിലാണ് പരാമർശം. റഷ്യയിൽ നിന്ന് ഇന്ത്യ വൻതോതിൽ എണ്ണവാങ്ങുന്നുവെന്നും റഷ്യ-യുക്രൈൻ യുദ്ധ പശ്ചാത്തലത്തിലെ അടിയന്തരാവസ്ഥയ്ക്കിടെ റഷ്യയുമായി വ്യാപാര ബന്ധമുള്ള ഇന്ത്യയ്ക്ക് കൂടുതൽ തീരുവ ഏർപ്പെടുത്തുന്നത് സമാധാനം പുനസ്ഥാപിക്കാൻ വളരെ പ്രധാനമാണെന്നാണ് അപ്പീലിലെ ട്രംപിന്റെ വാദങ്ങൾ.
ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഇറക്കുമതി തീരുവകൾ മിക്കതും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ അപ്പീൽ കോടതി നിരീക്ഷിച്ചതിന് പിന്നാലെയാണ് ട്രംപ് വാദമുഖങ്ങൾ നിരത്തിയിരിക്കുന്നത്. അടിയന്തര സാമ്പത്തിക സാഹചര്യത്തിലാണ് താരിഫുകൾ പ്രഖ്യാപിച്ചതെന്ന ട്രംപിന്റെ വാദം കോടതി തള്ളിയിരുന്നു. ഒക്ടോബർ 14നുള്ളിൽ സർക്കാരിന് സുപ്രീം കോടതിയെ സമീപിക്കാം. അതുവരെ വിധി പ്രാബല്യത്തിൽ വരില്ലെന്നും കോടതി അറിയിച്ചിരുന്നു