അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച 17 വയസുകാരന് പുതുജീവനേകി തിരുവനന്തപുരം മെഡിക്കൽ കോളജ്
തിരുവനന്തപുരം: കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ഭീതി പടർത്തുമ്പോൾ അപൂർവ നേട്ടം കൈവരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജ്. അമീബയും ഫംഗസും ഒരുപോലെ തലച്ചോറിനെ ബാധിച്ച 17 വയസുകാരൻ മെഡിക്കൽ കോളജിലെ കൃത്യമായി ചികിത്സയിലൂടെ പുതുജീവിതത്തിലേക്ക് തിരിച്ചെത്തി. ലോകത്ത് ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു തിരിച്ചു വരവ്. മെഡിക്കൽ കോളജിന്റെ നേട്ടത്തെ മന്ത്രി വീണ ജോർജ് അഭിനന്ദിച്ചു.
17 വയസുകാരന് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് മൂന്നുമാസം മുമ്പ്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ആയിരുന്നു ചികിത്സ. സ്ഥിതി അതീവ ഗുരുതരമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അമീബയും ഫംഗസും ഒരുപോലെ കുട്ടിയുടെ തലച്ചോറിനെ ബാധിച്ചിരുന്നു. ജീവിതത്തിലേക്കുള്ള മടങ്ങിവരവ് തീർത്തും അസാധ്യമായ ഘട്ടത്തിൽ നിന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് 17 വയസുകാരന് പുതുജീവൻ നൽകിയത്. ഫലപ്രദമായ ചികിത്സയിലൂടെ രോഗത്തിൽ നിന്ന് പൂർണ മുക്തി നേടി.
സംസ്ഥാനത്ത് ഇതുവരെ 86 കേസുകൾ സ്ഥിരീകരിച്ചു. 21 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 22 ആക്‌ടീവ് കേസുകൾ ഉണ്ട്. 11 വീതം തിരുവനന്തപുരത്തും കോഴിക്കോട് ആണ് രോഗികൾ. കാലാവസ്ഥാ വ്യതിയാനം രോഗം കൂടുന്നതിന് കാരണമാകുന്നുണ്ടോ എന്ന് പഠിക്കും. ഇതിനായി സ്കൂൾ ഓഫ് എൻവയോൺമെന്റ് എൻജിനീയറിങിനെ ചുമതലപ്പെടുത്തി. എല്ലാ കേസുകളുടെയും ഉറവിടം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.