ചുരം കയറാതെവയനാട്ടിലേക്ക്; അറിയാം ഇരട്ടതുരങ്കപ്പാതയുടെപ്രത്യേകതകൾ
വയനാട്, കോഴിക്കോട് ജില്ലകളിലെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന ആനക്കാംപൊയിൽ കള്ളാടി – മേപ്പാടി തുരങ്കപാത നിർമാണ പ്രവൃത്തിക്ക് ആണ് ഇന്നലെ മുതൽ തുടക്കമായിരിക്കുന്നത്. ഏറെക്കാലമായുള്ള വയനാടിന്റെ സ്വപ്നം കൂടിയാണ് യാഥാർഥ്യമാകുവാൻ പോകുന്നത്. അറിയാം തുരങ്കപ്പാതയുടെ പ്രത്യേകതകൾ
8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. ഇതിൽ വയനാട് ജില്ലയിൽ 5.58 കിലോമീറ്ററും കോഴിക്കോട് ജില്ലയിൽ 3.15 കിലോമീറ്ററുമാണ്. മറിപ്പുഴ (കോഴിക്കോട്) മുതൽ മീനാക്ഷി പാലം (വയനാട്, കള്ളാടി) വരെ അപ്രോച്ച് റോഡ് ഉൾപ്പെടെ 8.735 കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കപാതയുടെ 8.11 കിലോമീറ്റർ ദൂരം ഇരട്ട തുരങ്കങ്ങളാണ്. ഇരുവഴിഞ്ഞി പുഴക്ക് കുറുകെ രണ്ട് പ്രധാന പാലങ്ങളും മറ്റ് മൂന്ന് ചെറുപാലങ്ങളും ഉൾപ്പെടും.
ആറ് വളവുകളുള്ള റൂട്ടിൽ ഓരോ 300 മീറ്ററിലും ഇരട്ട തുരങ്കങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതയും (ക്രോസ്സ് പാസ്സേജ്) ഉണ്ടാവും. 33 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപാത കടന്നു പോകുന്നത്. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്ന് 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക. 2134.50 കോടി രൂപയാണ് പദ്ധതി ചെലവ്. കിഫ്ബിയിൽ നിന്ന് ലഭിക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് തുരങ്കപാതയുടെ നിർമാണം.
ഇരുജില്ലകൾക്കുമിടയിൽ കുറഞ്ഞ ചെലവിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ സൗകര്യത്തോടെ സുരക്ഷിതമായി യാത്ര സാധ്യമാകുക എന്ന വയനാടൻ ജനതയുടെ ദീർഘകാല ആവശ്യവും നിറവേറും. യാത്ര സുഗമമാക്കുന്നതിനൊപ്പം സുഗന്ധവ്യഞ്ജനങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയും പ്രാദേശിക ടൂറിസം സാധ്യതകളും തുരങ്ക പാത പദ്ധതി മുന്നോട്ടുവയ്ക്കുന്നുണ്ട്.