സാനിട്ടറി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഉടൻ യാഥാർത്ഥ്യമാകും: മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം: സാനിട്ടറി മാലിന്യങ്ങൾ പൂർണമായി സംസ്കരിക്കാനുള്ള പ്ലാൻ്റുകൾ ഈ സർക്കാരിൻ്റെ കാലത്തു തന്നെ നിലവിൽ വരുമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പുമന്ത്രി മന്ത്രി എം ബി രാജേഷ്. ഒരു ദിവസം 100 ടൺ സാനിറ്ററി മാലിന്യമുണ്ടാകുന്നു എന്നാണ് ശുചിത്വ മിഷൻ്റെ കണക്ക്. സ്ത്രീകൾ ഉപയോഗിക്കുന്ന പാഡുകൾ മുതൽ കിടപ്പുരോഗികളുടെ ഡയപ്പർ വരെയുള്ള സാനിറ്ററി മാലിന്യങ്ങൾ വലിയ സമൂഹിക പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ മുഴുവനും സംസ്കരിക്കാനുള്ള നാലു മേഖലാതല പ്ലാൻ്റുകളും ഇപ്പോൾ പ്രവർത്തിക്കുന്ന ചെറിയ പ്ലാൻ്റുകളും ചേർന്നാൽ ദിവസേന 120 ടൺ സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാൻ കഴിയും.
ആരോഗ്യ മേഖലയിലെ മാലിന്യ നിർമ്മാർജനം വിലയിരുത്തി പരിഹാരം കണ്ടെത്തുന്നതിന് ശുചിത്വ മിഷനും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും നാഷണൽ ഹെൽത്ത് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള സംസ്ഥാനതല ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പുന: ചംക്രമണം ചെയ്യാൻ കഴിയാത്ത റിജക്ട് വേസ്റ്റുകൾ സിമെൻ്റ് ഫാക്ടറികൾക പണം ഈടാക്കിയാണ് കൊണ്ടു പോകുന്നത്. ഇത്തരം വേസ്റ്റുകൾ സിമൻ്റ് ഫാക്ടറികളിൽ ഇന്ധനമായി ഉപയോഗിക്കാൻ കഴിയുന്ന നിലയിലാക്കാനുള്ള പ്ലാൻ്റുകളുടെ കുറവ് നമുക്കുണ്ടായിരുന്നു. ഇതിനും അടുത്ത നാലു മാസത്തിനുള്ളിൽ പരിഹാരമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു ദിവസം 600 ടൺ റിജക്ട് വേസ്റ്റുകളാണുണ്ടാകുന്നത്. 720 ടൺ റിജക്ട് വേസ്റ്റുകൾ ഇന്ധനമാക്കാനുള്ള (ആർ ഡി എഫ് ) ശേഷി ഏതാനും മാസത്തിനുള്ളിൽ കൈവരിക്കാനാകും.
ഇക്കഴിഞ്ഞ അഞ്ചു മാസത്തിനുള്ളിൽ കേരളത്തിൽ മാലിന്യം പൊതു നിരത്തിൽ വലിച്ചെറിഞ്ഞതിന് ഈടാക്കിയ തുക 9.55 കോടി രൂപയാണെന്ന് മന്ത്രി പറഞ്ഞു. പരാതി കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇത്രയും തുക പിഴ ഈടാക്കിയത്. ആരുടെയും ശ്രദ്ധയിൽ പെടാത്ത ഇത്തരം നിരവധി അനധികൃത മാലിന്യനിക്ഷേപം വേറെയുമുണ്ടാകാം. ജനങ്ങളുടെ മാലിന്യം വലിച്ചെറിയുന്നതിലുള്ള മനോഭാവത്തിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ലെന്നതിൻ്റെ തെളിവാണിത്. സംസ്ഥാനത്ത് ഹരിത കർമ്മ സേന രണ്ടു കൊല്ലം മുമ്പ് ശേഖരിച്ച മാലിന്യം 51823 ടൺ ആണെങ്കിൽ 2024-25 ൽ ശേഖരിച്ചത് 105200 -ൽ അധികം ടൺ ആണ്. അതായത് രണ്ടു കൊല്ലം കൊണ്ട് മാലിന്യശേഖരണത്തിൽ രണ്ടിരട്ടി വർധനവുണ്ടാക്കാൻ കഴിഞ്ഞു. ഈ സംവിധാനം നിലവിൽ ഇല്ലാതിരുന്നാൽ ഇത്രയും മാലിന്യം നാടിനു ഭീഷണിയായി മാറുമായിരുന്നു. ആരോഗ്യ സ്ഥാപനങ്ങളിലെ മാലിന്യ മുക്തകേരളം ക്യാമ്പയിൻ സെക്രട്ടേറിയറ്റിൻ്റെയും ശുചിത്വ മിഷൻ്റെയും സഹായത്തോടെ ഗ്യാപ് അനാലിസിസ് നടത്തിയിട്ടുണ്ട്. മാലിന്യ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശരിയായ ദിശയിലുള്ള ചുവടുവയ്പാണത്.
മെഡിക്കൽ കോളേജുകളിൽ നിന്നും ശുചിത്വമിഷനിൽ നിന്നുമെല്ലാം വിദഗ്ധരെ പങ്കെടുപ്പിച്ചു ശില്പശാല സംഘടിപ്പിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിനെയും മറ്റും മന്ത്രി അഭിനന്ദിച്ചു. തുടർന്ന് ശില്പശാലയിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണം ചെയ്തു.
സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളേജുകളിൽ നിന്നായി 200 പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു. . മെഡിക്കൽ കോളേജ് ഓൾഡ് ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനത്തിൽ കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനായി. നഗരസഭാ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഗായത്രി ബാബു, തദ്ദേശ സ്വയം ഭരണ വകുപ്പ് സ്പെഷൽ സെക്രട്ടറി ടി വി അനുപമ ഐ എ എസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി കെ ജബ്ബാർ, ശുചിത്വ മിഷൻ ഡയറക്ടർ ( ഓപ്പറേഷൻസ്) നീതുലാൽ എന്നിവർ സംസാരിച്ചു.
ആശുപത്രികളിലെ മാലിന്യ നിർമ്മാർജനവുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന നിർദ്ദേശങ്ങൾ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും തദ്ദേശ സ്വയംഭരണവകുപ്പും എൻ എച്ച് എം എന്നിവയും ചർച്ച ചെയ്ത് നടപ്പാക്കാനാണ് തീരുമാനം