ഭാര്യയ്ക്ക് മികച്ച വരുമാനവും സ്വത്തുക്കളും ഉണ്ട്; വിവാഹമോചന കേസിനിടെ ജീവനാംശം നൽകേണ്ടതില്ലെന്ന് ഹൈക്കോടതി
ചെന്നൈ: മികച്ച സാമ്പത്തിക സ്രോതസുകൾ ആശ്രയമായിട്ടുള്ള ഭാര്യക്ക് വിവാഹമോചന കേസിന്റെ ഇടവേളയിൽ ഭര്‍ത്താവ് ഇടക്കാല ജീവനാംശം നല്‍കേണ്ടകാര്യമില്ലെന്ന് മദ്രാസ് ഹൈക്കോടതി.വിവാഹമോചനക്കേസില്‍ തീര്‍പ്പുണ്ടാകുംവരെ ഭാര്യക്കും പ്രായപൂര്‍ത്തിയായിട്ടില്ലാത്ത മകനും മാസം 30,000 രൂപവീതം ജീവനാംശം നല്‍കണമെന്ന ആവശ്യം അംഗീകരിച്ചുള്ള കുടുംബക്കോടതിയുടെ വിധി ഹൈക്കോടതി തള്ളി.ജീവിതപങ്കാളിക്ക് നല്ലരീതിയില്‍ ജീവിക്കാന്‍ കഴിയുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജീവനാംശം നല്‍കാനുള്ള വകുപ്പ് ഉള്‍പ്പെടുത്തിയതെന്ന് ജസ്റ്റിസ് പി ബി ബാലാജി അഭിപ്രായപ്പെട്ടു. ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 24 പ്രകാരമാണ് ജീവനാംശം അവകാശപ്പെട്ടത്.കമ്പനി ഡയറക്ടറായ ഭാര്യക്ക് നല്ല തുക ഡിവിഡന്‍ഡ് ലഭിക്കുന്നുണ്ട്. അവരുടെപേരിൽ ധാരാളം സ്വത്തുക്കളും ഉണ്ട്. ആയതിനാൽ ജീവനാംശ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിവാക്കണം. മകന് പണം നല്‍കാനുള്ള ഉത്തരവ് അംഗീകരിക്കുന്നു. ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന ഉത്തരവ് റദ്ദാക്കണം – ഇതായിരുന്നു ഭര്‍ത്താവിന്റെ ഹര്‍ജിയിലെ ആവശ്യങ്ങൾ.വസ്തുവകകള്‍ അച്ഛന്റെ പേരിലാണ്. കമ്പനിയില്‍നിന്ന് ഡിവിഡന്‍ഡ് കിട്ടുന്നില്ല എന്ന് ഭാര്യ മൊഴി നൽകി. എന്നാൽ ഈ കേസ് നടക്കുന്നതിനിടെയാണ് സ്വത്ത് അച്ഛന്റെപേരിലേക്ക് മാറ്റിയതെന്ന് കോടതി കണ്ടെത്തി. ഡിവിഡന്‍ഡ് നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ കമ്പനിയോട് ആവശ്യപ്പെട്ടത് വിവാഹമോചനക്കേസിന്റെ പേരിലായിരുന്നു. ഇവ കോടതി ശരിയെന്ന് കണ്ടെത്തി.”