പ്രതിയെകസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽഹാജരാക്കണം; ഹൈക്കോടതി
കൊച്ചി: പ്രതിയെ കസ്റ്റഡിയിലെടുത്താൽ 24 മണിക്കൂറിനുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരിക്കണമെന്ന് ഹൈക്കോടതി. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമുള്ള 24 മണിക്കൂർ അല്ല പരിഗണിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചിന്റെതാണ് നിർണായക ഉത്തരവ്.
വ്യക്തിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ ആത്മാവാണെന്ന് നിരീക്ഷിച്ചാണ്, ഹൈക്കോടതിയുടെ സുപ്രധാന വിധി. ഒരാളെ എപ്പോൾ കസ്റ്റഡിയിലെടുത്തുവോ അതല്ലെങ്കിൽ സ്വാതന്ത്ര്യം പരിമിതപ്പെടുന്നുവോ ആ നിമിഷം മുതൽ കസ്റ്റഡി കാലയളവിൻ് 24 മണിക്കൂർ കണക്കാക്കണമെന്നാണ് കോടതിയുടെ കർശന നിർദേശം. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയ സമയമല്ല, 24 മണിക്കൂറിന് കണക്കാക്കേണ്ടതെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഓർമിപ്പിച്ചു. അന്വേഷണത്തിൻ്റെ മറവിൽ പലപ്പോഴും മനഃപൂർവ്വം അറസ്റ്റ് രേഖപ്പെടുത്തുന്നത് വൈകിപ്പിക്കുന്നതായും കോടതി നിരീക്ഷിച്ചു.
ഇത്തരം സംഭവങ്ങളിൽ കടുത്ത മനുഷ്യാവകാശ ലംഘനങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി. പരിശോധനകൾ ഇല്ലെങ്കിൽ അന്യായമായ ഇത്തരം തടവുകൾ കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി.മജിസ്ട്രേറ്റിന്റെ അനുമതിയില്ലാതെയുള്ള അന്യായമായ തടവുകൾ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങൾ ഭരണഘടനയുടെ അന്തസാണ്. കൊടും കുറ്റവാളികൾക്ക് പോലും നീതിയുക്തമായ പരിഗണനയ്ക്ക് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കസ്റ്റഡിയിലെടുത്ത പശ്ചിമബംഗാൾ സ്വദേശിയെ 29 മണിക്കൂറിനു ശേഷമാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത് എന്നത് ഗൗരവകരമെന്നും കോടതി നിരീക്ഷിച്ചു. പൊലീസിന് വീഴ്‌ച സംഭവിച്ചുവെന്ന നിരീക്ഷണത്തോടെ പ്രതിക്ക് കോടതി ഉപാധികളോടെ ജാമ്യവും അനുവദിച്ചു.