വിവാദ സോളാർ ചട്ടം; സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങി റഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: വിവാദ സോളാർ ചട്ടത്തിൽ തെളിവെടുപ്പ് നേരിട്ട് നടത്തണമോ എന്നറിയാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ സുപ്രിംകോടതിയെ സമീപിച്ചേക്കും. ഇതിനായി കമ്മീഷൻ നിയമോപദേശം തേടി. പുനരുപയോഗ ഊർജ്ജ ചട്ടം രൂപീകരിക്കാനുള്ള തെളിവെടുപ്പ് ഓൺലൈനിൽ നടത്തിയിരുന്നു. എന്നാൽ ഇത് മതിയാവില്ല എന്നും നേരിട്ട് നടത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് കമ്മീഷന്റെ പുതിയ നീക്കം.
പൊതുവേ വലിയ മാറ്റങ്ങൾ നിശ്ചയിക്കുന്ന ചട്ടങ്ങൾ രൂപീകരിക്കമ്പോൾ നേരിട്ട് തെളിവെടുപ്പ് നടത്തുന്നതായിരുന്നു വൈദ്യുതി റഗുലേറ്ററി കമ്മീഷൻ്റെ രീതി. കഴിഞ്ഞ മാസം ആറു ദിവസങ്ങളിലായി ഓൺലൈനിലൂടെയാണ് റഗുലേറ്ററി കമ്മീഷൻ പുനരുപയോഗ ഊർജ ചട്ടം രൂപീകരിക്കുന്നതിനായി തെളിവെടുപ്പ് നടത്തിയത്. സോളാർ ഉടമകളുടെ പ്രതിഷേധം ഉണ്ടാവാതിരിക്കാനായിരുന്നു കമ്മീഷന്റെ നീക്കം.
ഓൺലൈൻ സിറ്റിങ്ങിൽ അഭിപ്രായം പറയാൻ വേണ്ടത്ര സമയം കമ്മീഷൻ നൽകിയില്ലെന്ന് അന്നേ സോളാർ ഉടമകൾ പരാതിപ്പെട്ടതാണ്. ഡൊമസ്റ്റിക് ഓൺഗ്രിഡ് സോളാർ പവർ പ്രൊസ്യൂമേഴ് ഫോറം എന്ന സോളാർ ഉടമകളുടെ സംഘടന ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയും പിന്നാലെ അനുകൂല ഉത്തരവും നേടി. ഇതോടെയാണ് കമ്മീഷൻ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നതിൽ നിയമോപദേശം തേടിയത്. നിയമോപദേശം അനുകൂലമെങ്കിൽ ഈ ആഴ്ച്ച തന്നെ സുപ്രീംകോടതിയിൽ അപ്പീൽ നൽകും. എത്രയും വേഗം നേരിട്ട് പൊതു തെളിവെടുപ്പ് വേണമെന്നാണ് സോളാർ ഉടമകളുടെ ആവശ്യം.
ബില്ലിംഗ് രീതിയിൽ മാറ്റം വരുത്തുന്നതും, ബാറ്ററി സ്ഥാപിക്കുന്നതടക്കം സോളാർ ഉടമകളെ കാര്യമായി ബാധിക്കുന്ന നിർദേശങ്ങളാണ് കരട് ചട്ടത്തിലുള്ളത്. സുപ്രീംകോടതിയും നേരിട്ട് പൊതുതെളിവെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ടാൽ ഓണത്തിന് ശേഷം നടത്താനാണ് റഗുലേറ്ററി കമ്മീഷൻ ആലോചിക്കുന്നത്. അങ്ങനെയെങ്കിൽ പൊതു തെളിവെടുപ്പ് നടത്തുന്നതിന് ഇനിയും സോളാർ ഉടമകൾ കാത്തിരിക്കേണ്ടിവരും.