പാലിയേക്കരയിലെ ടോൾപിരിവ്: ഹൈക്കോടതി ഉത്തരവിനെതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ
പാലിയേക്കര ടോൾ പിരിവ് നാലാഴ്ചത്തേത്ത് നിർത്തിവച്ച ഹൈക്കോടതി ഉത്തരവിന് എതിരെ ദേശീയപാത അതോറിറ്റി സുപ്രീംകോടതിയിൽ. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീൽ നൽകിയത്.
അടിപ്പാതാ നിർമാണത്തെ തുടർന്ന് മണ്ണുത്തി -ഇടപ്പള്ളി ദേശീയപാതയിൽ രൂപപ്പെട്ട മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിലായിരുന്നു ഹൈക്കോടതി നടപടി. ഉത്തരവ് അടിയന്തരമായി നടപ്പാക്കുമെന്ന് ടോൾ പ്ലാസ അധികൃതരും ഹൈക്കോടതിവിധി ജനങ്ങളുടെ വിജയമെന്ന് ഹർജിക്കാരൻ ഷാജി കോടൻകണ്ടത്തും പ്രതികരിച്ചിരുന്നു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ പോകാൻ സാധ്യത ഉള്ളതിനാൽ ഷാജി കോടങ്കണ്ടത് തടസഹർജി ഫയൽ ചെയ്തിരുന്നു.
പുതുക്കാട്, പേരാമ്പ്ര, മുരിങ്ങൂർ, കൊരട്ടി, ചിറങ്ങര തുടങ്ങി അഞ്ചു ഇടങ്ങളിൽ അടിപാത നിർമ്മാണത്തെ തുടർന്ന് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കാണ് യാത്രക്കാർ അനുഭവിക്കുന്നത്. പലകുറി ഹൈക്കോടതി ഉൾപ്പെടെ വടിയെടുത്തു. സമയം അനുവദിച്ചു. പ്രശ്നപരിഹാരമാകാനായതോടെയാണ് നാലാഴ്ച്ച ടോൾ പിരിവ് തന്നെ നിർത്തിവയ്ക്കാനുള്ള കടുത്ത തീരുമാനം.
ടോൾ നിർത്തിവെച്ചെങ്കിലും പാലിയേക്കര ടോൾ പിരിവ് കമ്പനിക്ക് ദേശീയപാത അതോറിറ്റി നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. നേരത്തെ ഉണ്ടായിരുന്ന കരാർ പ്രകാരം ടോൾ പിരിവ് നിർത്തി വയ്ക്കേണ്ടി വന്നാൽ ദേശീയപാത അതോറിറ്റി അതിനു സമാനമായ തുക നൽകണം എന്നുള്ളതാണ് വ്യവസ്ഥ.